ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് 35,000-ല്‍ അധികം കൊവിഡ് കേസുകള്‍

May 1, 2020
new Covid cases

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച കൊറോണ വൈറസ് ഇന്ത്യയിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35,043 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 1993 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

ഇന്ത്യയില്‍ കൊവിഡ് രോഗം മൂലം 1147 പേരാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. ഇതുവരെ 8888 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. 9915 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. 7890 പേരാണ് നിലവില്‍ അവിടെ ചികിത്സയിലുള്ളത്. 432 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നാലായിരത്തില്‍ അധികം കൊവിഡ് കോസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3358 പേരാണ് കൊവിഡ് രോഗത്തിന് നിലവില്‍ ഗുജറാത്തില്‍ ചികിത്സയിലുള്ളത്. 197 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3439 പേര്‍ക്ക് ഡല്‍ഹിയിലും കൊവിഡ് സ്ഥിരീകരിച്ചു. 1092 പേര്‍ രോഗ മുക്തരായിട്ടുണ്ട്. 56 ആണ് ഡല്‍ഹിയിലെ മരണനിരക്ക്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തില്‍ അധികം ആളുകള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.