മെയ് 17 വരെ എല്ലാ സോണുകള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഇവയാണ്

May 2, 2020

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 17 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. അതേസമയം രാജ്യത്തെ വിവിധ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവുകളും നല്‍കിയിട്ടുണ്ട്.

റെഡ് സോണില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ റെഡ് സോണിനെ അപേക്ഷിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്നു സോണുകള്‍ക്കും ബാധകമായ ചില നിയന്ത്രണങ്ങളുമുണ്ട്. ഈ നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 17 വരെ എല്ലാ സോണുകളിലും രാജ്യവ്യാപകമായി തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മെയ് 17 വരെ എല്ലാ സോണുകളിലും ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനുവദിക്കില്ല. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോട് കൂടി എയര്‍ ആംബലന്‍സ്, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഇളവ് ലഭിയ്ക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലാതെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണ്. മെട്രോ റെയില്‍ സര്‍വീസുകളും നിശ്ചലമായിരിക്കും.

Read more: അന്ന് കൃഷ്ണകുമാറിനെ മുറിവേല്‍ക്കാത്ത കത്തികൊണ്ട് കുത്തിയത് ജയസൂര്യ; ഇന്ന് മകള്‍ ദിയയും: രസകരമായ വീഡിയോ

ഇതിനുപുറമെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണം തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വ്യക്തികളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും വിലക്കുണ്ട്. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ആഭ്യന്ത്ര മന്ത്രാലയത്തിന്റെ അനുമതിയോടെ യാത്ര ചെയ്യാം.

സ്‌കൂള്‍, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവയ്ക്കൊന്നും മൂന്ന് സോണുകളിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസകള്‍ക്ക് അനുമതിയുണ്ട്. സിനിമാ തിയേറ്ററകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍ തുടങ്ങിയവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.

മത, സാസംകാരിക, പഠന, വിനോദ, കായിക ചടങ്ങുകള്‍ അടങ്ങുന്ന എല്ലാ സാമൂഹിക ചടങ്ങുകള്‍ക്കും കൂടച്ചേരലുകള്‍ക്കം മെയ് 17 വരെ മൂന്ന് സോണുകളിലും നിയന്ത്രണം തുടരും. ഇതിനു പുറമെ പൊതുജനങ്ങള്‍ ഒത്തുചേരാന്‍ സാധ്യതയുള്ള എല്ലാ മതസ്ഥാപനങ്ങളും അടച്ചിടല്‍ തുടരണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വൈകിട്ട് എഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ പുറത്ത് ഇറങ്ങരുത് എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെതന്നെ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, പത്ത് വയസ്സില്‍ താഴെയുള്ളവര്‍ എന്നിവരും അടിയന്തര ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളെല്ലാം റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ മൂന്നു സോണുകള്‍ക്കും ബാധകമാണ്.