സ്വപ്നം ‘ശ്രീധന്യം’; ‘ഇളയരാജ’ ചിത്രം പോലെ ഈ ജീവിതം; കോഴിക്കോട് അസി. കളക്ടർ ആയി ചുമതലയേൽക്കുന്ന ശ്രീധന്യയ്ക്ക് അഭിനന്ദനപ്രവാഹം
വയനാട് അമ്പലക്കൊല്ലിയിലെ ആദിവാസി കോളനിയില്‍ നിന്നും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുഖമായി മാറിയ ശ്രീധന്യ സുരേഷ് ഇന്ന് എത്തിനിൽക്കുന്നത് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ കസേരയിലേക്കാണ്. കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ശ്രീധന്യ ഉടൻ ചുമതലയേൽക്കും.
കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകളാണ് ശ്രീധന്യ. വയനാട് പൊഴുതന സ്വാദേശിയാണ്. കേരളം ഏറെ അഭിമാനത്തോടെ മാത്രം പറയുന്ന ‘ശ്രീധന്യ’യ്ക്ക് പറയാൻ ഉള്ളത് കഷ്ടപ്പാടുകളുടെ കഥകളാണ്.
പണിചെയ്ത് 100 രൂപ കിട്ടിയാൽ അതിൽ 90 രൂപ തന്റെ പഠനത്തിനും 10 രൂപ വീട്ടുചെലവിനുമായി മാറ്റിവെച്ച ശ്രീധന്യയുടെ മാതാപിതാക്കളെക്കുറിച്ചും, ഇന്റർവ്യൂവിന് പോകാൻ പോലും പണം ഇല്ലാതിരുന്ന കാലത്ത് സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി ഡൽഹിക്ക് വണ്ടി കയറിയതും ചാക്കിൽ കെട്ടിയ പുസ്തകങ്ങൾ ചേർത്തുപിടിച്ച് പ്രളയ കാലത്തെ അതിജീവിച്ച ശ്രീധന്യയുടെ കഥകളുമെല്ലാം മലയാളികൾ വായിച്ചറിഞ്ഞതാണ്.
Read also: ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ
മകളുടെ പഠനത്തിനായി പത്രം വാങ്ങാൻ പോലും പണമില്ലാതിരുന്ന കുടുംബത്തിൽ നിന്നും ഉയർന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കി കളക്ടർ കസേരയിൽ എത്തിനിൽക്കുമ്പോൾ അഭിമാനം കൊണ്ട് നിറയുകയാണ് ഓരോ മലയാളികളും.
സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീധന്യ കുറിച്യ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് കരസ്ഥമാക്കുന്ന വ്യക്തി കൂടിയാണ്. സിവിൽ സർവീസിൽ 410- ആം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.
കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ ശ്രീധന്യയെ പ്രശംസിച്ചുകൊണ്ട് നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ അസിസ്റ്റന്റ് കളക്ടർ ആയി ചുമതല ഏൽക്കുന്ന ശ്രീധന്യക്ക് നിറഞ്ഞ പിന്തുണയുമായി എത്തുകയാണ് ചലച്ചിത്രതാരം ഗിന്നസ് പക്രു.
‘ശ്രീധന്യ സുരേഷ് IAS കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ചുമതലയേറ്റെടുക്കുന്നു. ഈ കുട്ടിയുടെ കഥ അറിഞ്ഞപ്പോൾ ഇളയരാജ എന്ന ചിത്രം ഓർമ്മവരുന്നു. ഇനിയും ഒരുപാട് മതിലുകൾ ധന്യക്ക് ഇടിച്ചിടാനുണ്ട്….അതിനു എല്ലാ പിന്തുണയും നമ്മൾ കൊടുക്കണം’ ഗിന്നസ് പക്രു കുറിച്ചു.
സ്വപ്രയത്നവും ആത്മസമർപ്പണവുംകൊണ്ട് വിജയങ്ങൾ കീഴടക്കിയ ശ്രീധന്യ ഓരോ മലയാളികൾക്കും മാതൃകയാണ്.
Story Highlights: sreedhanya suresh assistant collector congratulates guines pakru