‘പ്രേമം’ സിനിമയുടെ അഞ്ചു വർഷങ്ങൾ- ലൊക്കേഷനിലെ കാണാക്കാഴ്ചകൾ പങ്കുവെച്ച് അൽഫോൺസ് പുത്രൻ

മലയാളികൾക്ക് പുതിയൊരു പ്രണയാനുഭവം സമ്മാനിച്ച ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയ ‘പ്രേമം’. സൂപ്പർ താരങ്ങളില്ലാതെ, പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിന്റെ അഞ്ചാം വാർഷികത്തിൽ അണിയറയിലെ ചില കാണാക്കാഴ്ചകൾ പങ്കുവയ്ക്കുകയാണ് അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

മൂന്നു കാലഘട്ടങ്ങളിലൂടെ ജോർജിന്റെ പ്രണയകാലം പാഞ്ഞ ചിത്രത്തിൽ നായികമാർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യൻ സൂപ്പർ നായികയായി പിന്നീട് മാറിയ സായ് പല്ലവിയുടെ ആദ്യ ചിത്രമായിരുന്നു ‘പ്രേമം’. ഇന്നും ചിത്രത്തിലെ മലർ മിസ്സെന്ന പേരിലാണ് സായ് പല്ലവി അറിയപ്പെടുന്നത്.

അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ‘പ്രേമ’ത്തിലൂടെ കടന്നു വന്നതാണ്. ‘പ്രേമം’ റിലീസിന് മുൻപ് അൽഫോൺസ് പുത്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇന്നും ശ്രദ്ധേയമാണ്.

‘പ്രേമം’ എന്ന ചലച്ചിത്രത്തിന്റ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിൽ ആയി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായ 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അല്ലാതെ വയറ് നിറച്ച് പാട്ടുമുണ്ട് പടത്തിൽ.പിന്നെ ചെറിയ തല്ലും. ‘പ്രേമ’ത്തിൽ പ്രേമവും കൊച്ചു തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ഈ വഴിക്ക് വരരുത്’. പക്ഷെ സിനിമ ആളുകൾക്ക് പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു.

നിരവധി ഭാഷകളിലേക്ക് ‘പ്രേമം’ റീമേക്ക് ചെയ്തിരുന്നു. നിവിൻ പോളി, ഷറഫുദ്ധീൻ, സിജു വിൽസൺ തുടങ്ങിയവർക്ക് ആരാധകരെ ലഭിച്ചതും ‘പ്രേമ’ത്തിലൂടെയാണ്.
Story highlights- unseen photos of premam movie