ആരോഗ്യത്തിന് കുടിയ്ക്കാം ചെറുചൂടുള്ള ജീരകവെള്ളം; ഗുണങ്ങള്‍ ഏറെ
കാലവര്‍ഷം കനത്തു തുടങ്ങിയതോടെ ആരോഗ്യകാര്യങ്ങള്‍ക്ക് അല്പം കരുതല്‍ നല്‍കണം. ആരോഗ്യത്തിന് ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ജീരകം. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകത്തിന്റെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം.
ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല. ഒരു സ്പൂണ്‍ ജീരകത്തില്‍ ഏഴ് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.
ഇതിനുപുറമെ ആന്റി ഓക്സിഡന്റുകളും ജീരക വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്കാന് സഹായിക്കും. കൂടാതെ ശരീരത്തിന് ദോഷകരമായ ഓക്സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും. വിറ്റാമിന്‍ എ, സി എന്നിവയും ജീരകത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ദഹനം സുഗകരമാക്കുന്നതിനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും മികച്ച ഒരു പ്രതിവിധിയാണ് ജീരകം. ഗ്യാസ്ട്രെബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ കുറച്ച് ജീരകം വായിലിട്ട് ചവച്ചരച്ച് കഴിച്ചാല്‍ അസ്വസ്ഥത ഭേദമാകും.
ജലദോഷത്തിനും ചുമയ്ക്കും നല്ലൊരു പരിഹാരമാണ് ജീരകം ഇട്ട് തിളപ്പിച്ച വെള്ളം. ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നത് ആരോഗ്യകരമാണ്. ജിരകവെള്ളം മാത്രമല്ല കറികളിലും മറ്റ് ഭക്ഷണങ്ങളിലുമൊക്കെ ഒരല്പം ജീരകം ചേര്‍ക്കുന്നത് നല്ലതാണ്.
Story highlights: Health benefits of cumin seeds