രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നീട്ടി

June 26, 2020
India extends international commercial flight ban

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിര്‍ത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 15 വരെയാണ് നീട്ടിയത്. രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം ചരക്ക് വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഇതിനു പുറമെ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാന്‍ അനുമതിയുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 25 മുതലാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് രാജ്യത്ത് വിലക്ക് എര്‍പെടുത്തിയത്. എന്നാല്‍ മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Story highlights: India extends international commercial flight ban