ലോക്ക് ഡൗണ്‍ കാലത്തെ കാണാക്കാഴ്ചകളുമായി ഭാരത്ബാലയുടെ ഡോക്യുമെന്ററി

June 6, 2020
India in the Time of Corona documentary

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി രാജ്യം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ലോക്ക് ഡൗണ്‍ കാലത്തെ ഇന്ത്യയെ കുറിച്ച് വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി ഒരുക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഭാരത് ബാലയും സംഘവും. ‘നാം അതിജീവിക്കും’ എന്നാണ് പേര്.

ഇന്ത്യയില്‍ പ്രധാനമന്ത്രി മാര്‍ച്ച് 24 മുതല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ കുറിച്ചാണ് ഡോക്യുമെന്ററി. കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്‌. മലയാളമടക്കം നിരവധി ഭാഷയില്‍ ഒരുക്കിയിരിയ്ക്കുന്ന ഈ ഡോക്യുമെന്ററിയുടെ മലയാള വേര്‍ഷന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്.

ഇന്ത്യയുടെ അവിശ്വസനീയമായ കഥയാണ് ‘നാം അതിജീവിക്കും’എന്ന ഡോക്യുമെന്ററിയില്‍. ഒപ്പം അതിജീവനത്തിന്റെ പ്രതീക്ഷയും പകരുന്നു. 14 സംസ്ഥാനങ്ങളില്‍ നിന്നായി 117 പേര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം, രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. വീഡിയോ കോള്‍വഴിയും വാട്ട്‌സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്.

Story highlights: India in the Time of Corona documentary