‘ഡിപ്രഷൻ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന് നന്ദി’- ‘ചുരുളി’ നായിക ഗീതി സംഗീത

സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘ചുരുളി’. 19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയുടെ കഥയിലൂടെയാണ് ട്രെയ്ലർ പുരോഗമിക്കുന്നത്.
കഥ പറയുന്ന സ്ത്രീ ശബ്ദത്തെ തിരയുകയായിരുന്നു സിനിമാ പ്രേമികൾ. ട്രെയിലറിൽ കാണുന്ന ഒരേയൊരു സ്ത്രീകഥാപാത്രവും ആ ശബ്ദവും നടി ഗീതി സംഗീതയുടേതാണ്. ട്രെയിലറിന് പിന്നാലെ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗീതി.
ഗീതി സംഗീതയുടെ വാക്കുകൾ
‘അതെ.. അത് എന്റെ ശബ്ദമാണ്..
ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ‘ചുരുളി’യുടെ ട്രെയിലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.
ലിജോ ജോസ് പെല്ലിശ്ശേരി സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.
‘ചുരുളി’ ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല’.
‘ക്യൂബൻ കോളനി’, ‘നാൽപത്തിയൊന്ന്’, ‘തമി’, എന്നെ ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് ഗീതി സംഗീത.
ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.
Story highlights-Actress geethi sangeetha about churuli movie