‘അതേ, എനിക്ക് നന്നായി മലയാളം പറയാൻ അറിയാം’; സൈബർ ബുള്ളിയിങ്ങിനെതിരെ കയ്യടി നേടി അഹാന കൃഷ്ണയുടെ പ്രണയലേഖനം
സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളെ പരിഹസിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇത്തരം പ്രവണതകളോട് ശ്രദ്ധേയമായൊരു പ്രണയലേഖനത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. ‘സൈബർ ബുള്ളിയിങ്ങ്’ പ്രവണതക്കെതിരെയാണ് അഹാന കൃഷ്ണയുടെ കത്ത്. രസകരമായ അവതരണത്തിലൂടെ ശക്തമായ മറുപടി നൽകുന്ന അഹാനയുടെ വീഡിയോ വളരെ വേഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
എ ലൗ ലെറ്റർ ടു സൈബർ ബുള്ളീസ് എന്ന പേരിലാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പേരില്ലാതെയും, മുഖമില്ലാതെയും സമൂഹമാധ്യമങ്ങളിൽ അക്രമിക്കുന്നവർക്ക് വീഡിയോ സമർപ്പിക്കുന്നുവെന്നാണ് അഹാന പറയുന്നത്.
വ്യക്തിപരമായ അഭിപ്രായങ്ങൾ പറയുമ്പോൾ അതിന് ധാർമികമായി കമന്റുകൾ നൽകുന്നത് തെറ്റല്ല. എന്നാൽ ആക്രമണം വേറൊരു തലത്തിലേക്ക് പോകുമ്പോൾ അഭിപ്രായം പറഞ്ഞ ആളല്ല ഇരയാകുന്നത്, മോശമായി പ്രതികരിക്കുന്നവരാണ് ലജ്ജിക്കേണ്ടന്നതെന്ന് അഹാന വ്യക്തമാക്കുന്നു.
വ്യക്തമായി തന്നെ സൈബർ ബുള്ളിയിങ്ങിന് മറുപടി നൽകിയ അഹാന മറ്റൊരു രസകരമായ കാര്യവും കൂട്ടിച്ചേർക്കുന്നുണ്ട്. ‘ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, അപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അതേ, എനിക്ക് മലയാളം പറയാൻ നന്നായിട്ടറിയാം’ എന്ന് അഹാന പറയുന്നു.
നെപ്പോട്ടിസത്തെ കുറിച്ച് ചർച്ച ഉയർന്നപ്പോൾ അഹാന കൃഷ്ണയും സൈബർ ആക്രമണങ്ങൾക്ക് വിധേയയായിരുന്നു. അന്ന്, താനൊരു നെപ്പോട്ടിസം കിഡ് ആയിരുന്നുവെങ്കിൽ ആദ്യ സിനിമയ്ക്ക് ശേഷം അഞ്ചുവർഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്ന് അഹാന വ്യക്തമാക്കിയിരുന്നു.
Story highlights-ahaana krishna’s letter to cyber bullies