‘ജോണി വാക്കറി’ലെ കുട്ടപ്പായി ഇപ്പോൾ ജപ്പാനിലെ ഡാൻസ് മാസ്റ്റർ; 29 വർഷങ്ങൾക്ക് ശേഷം നടനെ കണ്ടെത്തി സിനിമാപ്രേമികൾ

July 20, 2020

ചില കഥാപാത്രങ്ങളും അഭിനേതാക്കളും ഒറ്റ സിനിമയുടെയും രംഗത്തിലൂടെയുമൊക്കെയാണ് മനസ് കീഴടക്കുന്നത്. 1991ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ജോണി വാക്കറി’ലെ കുട്ടപ്പായി അങ്ങനെയൊരു കഥാപാത്രമാണ്. ജോണി എന്ന മമ്മൂട്ടി കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യം, പ്രായത്തിൽ കവിഞ്ഞ ഗൗരവവുമായി, നിറഞ്ഞ സ്നേഹവുമായി വന്ന കുട്ടപ്പായിക്കുമുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടപ്പായിയെ കുറിച്ചുള്ള ചർച്ചകളാണ് സിനിമാ ഗ്രൂപ്പുകളിൽ നിറഞ്ഞത്. ഒടുവിൽ കുട്ടപ്പായിയെ അവതരിപ്പിച്ച നടനെ കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികൾ.

നീലകണ്ഠൻ എന്ന തമിഴ്‌നാട് സ്വദേശിയാണ് കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം ജപ്പാനിൽ ഡാൻസ് മാസ്റ്ററായി ജോലി ചെയ്യുകയാണ്. ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും സജീവമായ നീലകണ്ഠൻ ‘ജോണി വാക്കറി’ലെ മമ്മൂട്ടിക്ക് ഒപ്പമുള്ള രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോണിയുടെ മരണ ശേഷം വികാരഭരിതനായ കുട്ടപ്പായിയിലൂടെയാണ് സിനിമ അവസാനിക്കുന്നത്. അത്രത്തോളം പ്രധാന്യം കുട്ടപ്പായിക്ക് ‘ജോണി വാക്കറി’ലുണ്ടായിരുന്നു.

Read More: രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ശീലമാക്കാം ഈ ജ്യൂസുകൾ

അതേസമയം, കുട്ടപ്പായിയെ കേന്ദ്രകഥാപാത്രമാക്കി ‘ജോണി വാക്കറി’ന് രണ്ടാം ഭാഗം എത്തുമെന്ന് ജയരാജ് മുൻപ് അഭിമുഖങ്ങളിൽ അറിയിച്ചിരുന്നു. ജോണിയുടെ മരണശേഷം എസ്റ്റേറ്റിൽ കുട്ടപ്പായി ഒറ്റക്ക് ജീവിക്കുന്നതായിരുന്നു പ്രമേയം. എന്നാൽ, പല കാരണങ്ങൾകൊണ്ടും ആ ചിത്രം നടക്കാതെ പോകുകയായിരുന്നു.

Story highlights-johny walker movie character kuttappayi