‘കൊവിഡിനെ കുറിച്ച് ഞങ്ങൾ പറയുന്നതൊക്കെ അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസിലായത്’- അല്ലിയുടെ കൊവിഡ് കുറിപ്പ് പങ്കുവെച്ച് സുപ്രിയ
കുറച്ച് കാലങ്ങളായി എല്ലാ വീടുകളിലും എന്നും സംസാര വിഷയം കൊവിഡ് ആണ്. എത്രപേർ രോഗബാധിതരായി, എത്രപേർ രോഗമുക്തരായി തുടങ്ങി സാധാരണക്കാർ പോലും ചർച്ച ചെയ്യുന്നത് കൊറോണ വൈറസ് വ്യാപനത്തെകുറിച്ചാണ്. വീട്ടിലെ കൊച്ചുകുട്ടികൾ പോലും കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവാന്മാരാണ്. മകൾ അലംകൃതയും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ.
കൊവിഡ് വിമുക്തമാകുന്ന ലോകത്തെക്കുറിച്ചാണ് അല്ലി കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അല്ലിയുടെ നോട്ട്ബുക്ക് മറിച്ചുനോക്കവെ കണ്ണിൽപെട്ട കാര്യം പങ്കുവയ്ക്കുകയായിരുന്നു സുപ്രിയ.
‘അല്ലിയുടെ നോട്ട്ബുക്ക് മറിച്ചുനോക്കുന്നതിനിടയിലാണ് ഈ കൊവിഡ് കുറിപ്പ് ശ്രദ്ധയിൽപെട്ടത്. കൊവിഡിനെ കുറിച്ച് ഞങ്ങൾ പറയുന്നതൊക്കെ അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസിലായത്. മാർച്ച് മുതൽ വീടിനുള്ളിൽ തന്നെ കുടുങ്ങി കിടക്കുന്ന കുട്ടികൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. അവരുടെ ഏറിയ പങ്ക് പഠനപ്രവർത്തനങ്ങളും സ്കൂളുകളിലെയും കളിസ്ഥലങ്ങളിലെയും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലൂടെയും കളികളിലൂടെയുമാണ്. അതൊന്നും ഇപ്പോൾ സാധ്യമല്ല. അല്ലി ഇവിടെ കൊവിഡ് വ്യാപനത്തെക്കുറിച്ചും അതിൽ നിന്നുള്ള മോചനത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്’.- സുപ്രിയ മേനോൻ കുറിക്കുന്നു.
ആറുമാസങ്ങൾ പിന്നിടുകയാണ് കൊവിഡ് പിടിമുറുക്കിയിട്ട്. കുട്ടികൾ ഓൺലൈൻ പഠനവുമായി വീടുകളിലേക്ക് ഒതുങ്ങി. പുറത്തിറങ്ങി കൂട്ടുകാർക്കൊപ്പം സമയം ചിലവിടാനും സാധിക്കുന്നില്ല. മാനസികമായി ഒട്ടേറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കാലത്തും അല്ലിയെ പോലുള്ള കുട്ടികൾ നല്ലൊരു നാളെയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.
Read More: പിടിമുറുക്കി കൊറോണ വൈറസ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു
മുൻപ് , ഫാദർസ് ഡേയ്ക്ക് പൃഥ്വിരാജിനായി അല്ലി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു. ‘ആടുജീവിതം’ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ്, മടങ്ങിയെത്തിയപ്പോൾ അല്ലി നൽകിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
Story highlights-alamkritha prithviraj’s covid special write up