‘എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ സമ്മാനിച്ചത്’; പ്രണയ ഓര്‍മ്മകളില്‍ നിറഞ്ഞ് ഭാവന

July 7, 2020
Bhavana Naveen love 9 years togetherness

ചലച്ചിത്ര ആസ്വദാകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് നവീനൊപ്പമുള്ള മനോഹരചിത്രം ഭാവന പങ്കുവെച്ചു. എന്നാല്‍ ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

നവീനുമായുള്ള പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു താരം. ‘റോമിയോ എന്ന ചിത്രത്തിന്റെ എട്ടാംവര്‍ഷം. നമ്മുടെ ഒമ്പതാം വര്‍ഷവും. ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ സമ്മാനിച്ചത്. നമ്മള്‍ പരസ്പരം കണ്ടതും അടുത്തതും എല്ലാം മായാജാലം പോലെയായിരുന്നു. നിന്നെ എനിക്ക് ഒപ്പം കൂട്ടാന്‍ ഞാനെടുത്ത തീരുമാനവും. എന്റെ ജീവിതത്തിന്റെ ഭാഗമായതിന് നന്ദി. ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷം’ മനോഹര ചിത്രത്തിനൊപ്പം ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കാളില്‍ ഒരാളായിരുന്നു നവീന്‍. 2018-ല്‍ ഭാവനയും നവീനും വിവാഹിതരായി.

നമ്മള്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയമാണ് താരം. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.

മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights: Bhavana Naveen love 9 years togetherness