കൊറോണക്കാലം വളരെ നിർണായകം; അമ്മമാർ അറിയാൻ, നിർദ്ദേശങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ധർ
July 27, 2020
കൊറോണക്കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷകൂടി നോക്കേണ്ട കാലമാണിത്. അതിനാല്‍ തന്നെ ഇക്കാലത്ത് ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്.
പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം അമ്മയുടെ മുലപ്പാലിലോ അമ്നിയോട്ടിക് ദ്രാവകത്തിലോ പൊക്കിള്‍ക്കൊടിയിലെ രക്തത്തിലോ ഇതുവരെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല . എന്നിരുന്നാലും കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കേണ്ടതുമുണ്ട്. എന്നാൽ ഇക്കാലത്ത് അമ്മമാർ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയാണ് ആരോഗ്യവകുപ്പ്.
മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പ്രസവിച്ചതു മുതല്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ. മുലപ്പാലില്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്ന ഘടകങ്ങള്‍ ഉള്ളത് കാരണം കുഞ്ഞ് മികച്ച പ്രതിരോധശേഷി കൈവരിക്കുന്നു.
- മുലയൂട്ടുന്ന സമയത്ത് അമ്മ മാസ്ക് ധരിക്കേണ്ടതാണ്.
- മുലയൂട്ടുന്നതിന് മുന്‍പ് അമ്മ കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം.
- മുലയൂട്ടുന്നതിനു മുന്‍പും ശേഷവും സ്തനങ്ങള്‍ ശുദ്ധജലമുപയോഗിച്ച് കഴുകേണ്ടതാണ്.
- അമ്മക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്താല്‍ പാല് പിഴിഞ്ഞെടുത്ത് കുഞ്ഞിന് കൊടുക്കുക.
- പാല് പിഴിഞ്ഞെടുത്ത് സൂക്ഷിക്കുന്നവരാണെങ്കില്‍ അത് തിളപ്പിച്ചു അണുവിമുക്തമാക്കിയ സ്റ്റീല്‍ പാത്രത്തില്‍ മാത്രം സൂക്ഷിക്കുക.
- പിഴിഞ്ഞെടുത്ത പാല് 4 മണിക്കൂര്‍ വരെ റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കാവുന്നതാണ്.
- പിഴിഞ്ഞെടുത്ത പാല് കുടുംബത്തിലെ ആരോഗ്യമുള്ള വ്യക്തി ഗോകര്‍ണ്ണം ഉപയോഗിച്ച് കുഞ്ഞിന് കൊടുക്കേണ്ടതാണ്.
- ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ അത് എടുക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.
- അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
- സര്‍ക്കാര്‍ നല്കുന്ന അറിയിപ്പുകള് പാലിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക
- നിങ്ങളുടെ ഭവനത്തു സമ്പര്‍ക്ക വിലക്കില്‍ പ്രവേശിച്ച വ്യക്തികള്‍ ഉണ്ടെങ്കില്‍ ബന്ധു വീടുകളില്‍ മാറിത്താമസിക്കുക
- കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ഫോണില്‍ ബന്ധപ്പെടുക
- നിങ്ങളുടെ സംശയങ്ങള്‍ക്ക് ദിശ കാള്‍ സെന്ററുമായി ( 1056) ബന്ധപ്പെടുക.
Story Highlights: Covid and health