ലോകത്ത് 2.3 ലക്ഷം പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍; രോഗികളുടെ എണ്ണം 1.3 കോടി പിന്നിട്ടു

July 13, 2020
Covid positive Cases

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 2,30,370 പേര്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമായി പുതിയതായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇത് ആദ്യമായാണ് ലോകത്ത് ഒറ്റ ദിവസംകൊണ്ട് ഇത്രയധികം കൊവഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.

ഇതോടെ ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.3 കോടി പിന്നിട്ടു. ഇതുവരെ ലോകത്താകമാനം 5.7 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്തെ ദിനംപ്രതിയുള്ള മരണ സംഖ്യ 5000-ല്‍ തുടരുന്നതും ആശങ്ക ഉയര്‍ത്തുന്നു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത്. അമേരിക്കയില്‍ ഇതുവരെ 33.8 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1.37 ലക്ഷം കടന്നു യുഎസ്സിലെ മരണനിരക്ക്. ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18.4 ലക്ഷം പേര്‍ക്കാണ്. ഇവരില്‍ 71,500 പേര്‍ മരണപ്പെടുകയും ചെയ്തു.

അതേസമയം ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരില്‍ 75.3 ലക്ഷം രോഗികള്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.

Story highlights: Covid19 Corona Virus Latest Worldwide Updates