കൊവിഡ്: കോഴിക്കോട് ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍

July 7, 2020
Covid 19 in Kerala latest updates

കൊവിഡ് പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കളക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ജില്ലയില്‍ കഴിഞ്ഞ ദിവസം നിരവധിപ്പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

കേരളാ എപ്പിഡമിക് ഓര്‍ഡിനന്‍സ് ഭേദഗതി പ്രകാരവും ദുരന്തനിവാരണനിയമം സെക്ഷന്‍ 30, 34 പ്രകാരവുമാണ് ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസും തദ്ദേശസ്വയംഭരണവകുപ്പും, ആരോഗ്യവിഭാഗവും കര്‍ശനനീരീക്ഷണം നടത്തുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

-ഫ്‌ളാറ്റുകളില്‍/അപ്പാര്‍ട്ട്‌മെന്റുകളില്‍ പൊതുപരിപാടികള്‍ നടത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു

-ഫ്‌ളാറ്റുകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും പൊതുസ്ഥലങ്ങള്‍, കൈവരികള്‍ എന്നിവ ബ്ലീച്ചിംഡ് പൗഡര്‍, സോഡിയം ഹൈപ്പോക്ലോറൈഡ് എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.

-ശുചീകരണത്തിന് നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും (മാസ്‌ക്, ഗ്ലൗസ്, സോപ്പ്, സാനിറ്റെസര്‍) ആവശ്യാനുസരണം നല്‍കേണ്ടതാണ്.

-പാര്‍ക്കുകള്‍ അടച്ചിടേണ്ടതാണ്

-ജിം, സ്വമ്മിംഗ് പൂള്‍, റിക്രിയേഷണല്‍ ഏരിയ, ക്ലബ്ബുകള്‍ എന്നിവ അടച്ചിടേണ്ടതാണ്.

-ലിഫ്റ്റുകളുടെ ഉള്‍വശം കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതാണ്.

-ലിഫ്റ്റിന്റെ ബട്ടണുകളും, കൈവരികളും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതാണ്.

-ലിഫ്റ്റില്‍നിന്നും പുറത്തിറങ്ങുന്നവര്‍ ഉടന്‍തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്.

-അഭ്യൂഹങ്ങള്‍ പടരാതിരിക്കാന്‍ അസോസിയേഷനുകള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

-കൊറോണബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരും, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടവരും വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ക്വാറന്റൈന്‍ ലംഘന കേസുകള്‍ നിര്‍ബന്ധമായും പൊലീസില്‍ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

-60 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ ഫ്‌ലാറ്റുകളിലെ സെക്യൂരിറ്റിക്ക് നിയോഗിക്കാന്‍ പാടില്ല

-കുട്ടികള്‍ പൊതു കളിസ്ഥലങ്ങളില്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്ക് വീടിനുള്ളില്‍ തന്നെ ഇരുന്ന് കളിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുക.

-സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, വ്യക്തി ശുചിത്വം, കെറോണ വൈറസ് വ്യാപനം എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കുക.

-മുതിര്‍ന്ന് പൗരന്‍മാര്‍, ക്യാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലായതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.

-അവശ്യവസ്തുക്കള്‍ എത്തിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഫ്‌ളാറ്റ് അസോസിയേഷനുകള്‍ നടപടികള്‍ സ്വീകരിക്കണം.

Story highlights: Covid19 strict restrictions in kozhikode flats