ഹെലികോപ്റ്റര്‍ 7; ധോണിക്കായി ബ്രാവോയുടെ പിറന്നാള്‍ പാട്ട്സമ്മാനം
ക്രിക്കറ്റ് മൈതാനത്ത് ബാറ്റുകൊണ്ട് ഇതിഹാസങ്ങള്‍ രചിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് പിറന്നാള്‍. കായികലോകത്തിന് പുറമെ ആരാധകരടക്കം നിരവധിപ്പേരാണ് ക്രിക്കറ്റിലെ ഇന്ദ്രജാലക്കാരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ധോണിക്കായി വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ.
ഹെലികോപ്റ്റര്‍ 7 എന്ന പാട്ടാണ് ധോണിക്കായി ബ്രാവോ സമ്മാനിച്ചത്. ധോണിയും ബ്രാവോയും തമ്മിലുള്ള സൗഹൃദവും കായികലോകത്ത് ശ്രദ്ധേയമാണ്. ബ്രാവോ തന്നെയാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.
ധോണി എന്ന ഇതിഹാസനായകന്റെ ക്രിക്കറ്റ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സംഭവവികാസങ്ങളുമെല്ലാം ഹെലികോപ്റ്റര്‍ 7 എന്ന പാട്ടില്‍ പ്രതിഫലിക്കുന്നു. പാട്ടിനിടെ ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് ബ്രാവോ അനുകരിക്കുന്നുമുണ്ട്.
എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായി എം എസ് ധോണിയെ കായിക ലോകം അടയാളപ്പെടുത്തിയിട്ടുണ്ട്. കളിക്കളത്തില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് താരം അറിയപ്പെട്ടതും. മികച്ച ബാറ്റ്സ്മാന് എന്നതിനുമപ്പുറം ലോകക്രിക്കറ്റിലെതന്നെ മികച്ച വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി എന്ന താരം ശ്രദ്ധ നേടി. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം 2007-ല്‍ ട്വന്റി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഗാലറികള്‍ ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞു. ക്രിക്കറ്റ് മൈതാനത്ത് ധോണിയുടെ വിസ്മയങ്ങള്‍ ഇനിയും കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്.
Story highlights: Dwayne Bravo releases new song for MS Dhoni Birthday special