രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,148 പേര്‍ക്ക്

July 21, 2020
Lowest rise in daily Covid cases in 215 day

രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ് വ്യാപനം. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് 19 എന്ന മഹാമാരി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 37,148 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11,55,191 ആയി ഉയര്‍ന്നു. 587 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസംകൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 28,084 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.

4,02,529 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്നും 7,24,578 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.

അതേസമയം കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്ര സംസ്ഥാനത്തെയാണ്. 3.18 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 12,030 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

1.75 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2552 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1.23 ലക്ഷം പേര്‍ക്ക് ഡല്‍ഹിയിലും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 2162 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

Story highlights: India reports 37,148 new covid cases in past 24 hours