കൊവിഡ് കാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങളും പ്രതിവിധികളും
പകർച്ചവ്യാധികൾ എന്നും മനുഷ്യന് വെല്ലുവിളി തന്നെയാണ്. ശരിയായ പ്രതിരോധ കുത്തിവയ്പ്പുകളോ പ്രതിരോധ മരുന്നുകളോ കണ്ടെത്തിയില്ലെങ്കില്‍ രോഗതീവ്രത കൂടുകയും അനന്തര ഫലമായി ഒറ്റപ്പെടലും, പട്ടിണിയും മരണങ്ങളും നിത്യ സംഭവങ്ങളായി മാറുകയും ചെയ്യും. പെട്ടന്നുള്ള ഇത്തരം സംഭവങ്ങള്‍ ഏതൊരു വ്യക്തിയുടെയും മാനസികാരോഗ്യം തകർക്കാം. കൊറോണ വൈറസ് ഉയർത്തിയ വെല്ലുവിളിയിലും നിരവധിപ്പേരാണ് ഇത്തരം വിഷമഘട്ടങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്..
പകർച്ചവ്യാധികൾ മാനസികാരോഗ്യ നില മോശമാക്കുന്നു
വളരെപെട്ടന്നുള്ള ഏതൊരു ദുരന്തങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാം. അതിജീവിക്കാനുള്ള കഴിവ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെയാണ് ഒരേ ദുരന്തങ്ങളിൽപ്പെടുന്നവരിൽ ചിലരിൽ മാത്രം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുക.
ഒറ്റപ്പെടൽ, രോഗത്തിന്റെ ദുരിതങ്ങളും കഷ്ടതയും, മരിക്കുമോ എന്ന പേടി, ഇനി എന്ത് ചെയ്യും എന്ന ഉത്കണ്ഠ, തന്റെ ഉറ്റവരെ കുറിച്ചുള്ള ചിന്തകൾ, രോഗം പകരുമോ എന്ന പേടി, പട്ടിണി, സാമ്പത്തികമായ ഞെരുക്കങ്ങൾ ഇവയൊക്കെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. മറ്റൊന്ന് രോഗബാധിതരോടും, അവരുടെ ബന്ധുക്കളോടും, ആരോഗ്യ പ്രവർത്തകരോടും സമൂഹം കാണിക്കുന്ന വേർതിരിവും മാറ്റി നിർത്തലുമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലുള്ളവര്‍
രോഗികള്‍, രോഗികളുടെ അടുത്ത ബന്ധുക്കൾ, സമ്പര്‍ക്ക വിലക്ക്/നിയന്ത്രണം ചെയ്യപെട്ടവർ, ആരോഗ്യ പ്രവർത്തകർ, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍, നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവരിലാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഈ കൊവിഡു കാലത്ത് കൂടുതലായി കണ്ടുവരുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ എങ്ങനെയൊക്കെ പ്രത്യക്ഷപ്പെടാം ?
- ഉറക്കക്കുറവ്
- അമിതമായ ഉത്കണ്ഠ
- വിഷാദം
- പെട്ടന്നുള്ള ദേഷ്യം
- ലഹരി ഉപയോഗം കൂടുന്നത്
- ജോലിസ്ഥലത്തും മറ്റും തുടർച്ചയായി തെറ്റുകൾ വരുത്തുക
- ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറുക
ഇവയാണ് പൊതുവില്‍ കണ്ടുവരുന്ന ലക്ഷണങ്ങൾ
പരിഹാരം എപ്രകാരം
- പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള ആദ്യ നീക്കങ്ങൾതൊട്ട് മാനസികാരോഗ്യ സംരക്ഷണത്തിന് വരെയുള്ള നടപടികൾ എടുക്കണം .
- രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർക്കു വേണ്ട പരിശീലനം നൽകുക .
- രോഗത്തെ കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും ജനങ്ങൾക്ക് കൃത്യമായ ബോധവൽകരണം നൽകുക .
- മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലുള്ളവരെ കണ്ടെത്തുകയും അവർക്കു പ്രഥമ പരിഗണന നൽകുകയും വേണം.
- കൗൺസിലിംഗ് അടക്കമുള്ള സേവനങ്ങൾ ഉറപ്പാക്കുക
- മാനസിക സംഘർഷങ്ങൾ കുറക്കാൻ സഹായിക്കുന്ന വ്യായാമ മുറകൾ പരിശീലിപ്പിക്കുക.
- മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാനസികാരോഗ്യ പ്രഥമ ശിശ്രുഷ നൽകുക.
- സാമൂഹികമായും, വ്യക്തിതലത്തിലും നൽകേണ്ട സേവനങ്ങൾ കണ്ടെത്തുക.
- നിലവിൽ ചികിത്സ എടുക്കുന്നവർ അവരുടെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.
- ആവശ്യത്തിന് മരുന്ന് മുൻകൂറായി കരുതി വെക്കണം.
- അത്യാവശ്യഘട്ടങ്ങളിൽ ഒഴിച്ച് ആശുപത്രി സന്ദർശനം ഒഴിവാക്കണം.
- മരുന്നും ചികിത്സയുടെ കൂടെ നിർദ്ദേശിച്ചിട്ടുള്ള മറ്റു കാര്യങ്ങളും കൃത്യമായി പാലിക്കണം.
- ഇവരെ പരിചരിക്കുന്ന ആളുകളും, ബന്ധുക്കളും ഇവർക്ക് പ്രത്യക പരിഗണനയും കരുതലും നൽകണം.
- മുൻപ് മാനസികരോഗങ്ങൾ ഉണ്ടായിട്ടുള്ളവർ, നിലവിൽ മാനസിക പ്രശ്നങ്ങൾക്കു ചികിത്സ എടുക്കുന്നവർ, ഗുരുതരമായ രോഗം ഉണ്ടായവർ, അടുത്ത ബന്ധുക്കൾ മരണപ്പെട്ടവർ, നീണ്ട കാലം ഐസൊലേഷൻ ചെയ്യേണ്ടി വന്നവർക്കെല്ലാം നിർബന്ധമായും മാനസികാരോഗ്യ ശുശ്രുഷ ഉറപ്പാക്കണം .
- പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, മറ്റു ജീവനക്കാർക്കും വേണ്ട കരുതൽ നൽകേണ്ടതുണ്ട്
- ആവശ്യമാവർക്കു എത്രയും വേഗത്തിൽ മനഃശാസ്ത്ര പരമായതോ, മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയോ ലഭ്യമാക്കണം.
കൊവിഡ് കാലത്ത് ഒട്ടും അവഗണിക്കാന്‍ സാധിക്കാത്തതും എന്നാല്‍ പ്രത്യേക പരിഗണ ആവശ്യമായതുമായ ഒരു മേഖലയാണു മാനസികാരോഗ്യം. എന്നാല്‍ ശരിയായ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കുക വഴി പകര്‍ച്ചവ്യാധി കാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നമുക്ക് തരണം ചെയ്യാന്‍ സാധിക്കുന്നതാണ്.
Story Highlights: mental health fallout from the corona virus pandemic