നനഞ്ഞും ആസ്വദിച്ചും മഴയിലലിഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

July 16, 2020
Sachin Tendulkar Enjoying Monsoon

ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. കളിക്കളത്തില്‍ ഇതിഹാസം രചിച്ച താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്കിടെ കായിക വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും സച്ചിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുകയാണ് സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ. മള നനഞ്ഞും ആസ്വദിച്ചുമെല്ലാം ബാല്യകാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന താരത്തിന്റെ വീഡിയോ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്തോഷം ആസ്വദിക്കുന്ന ഈ വീഡിയോ പകര്‍ത്തിയത് ഏറ്റവും പ്രിയപ്പെട്ട ക്യാമറ വുമണ്‍ സാറ തെന്‍ഡുല്‍ക്കര്‍. മഴത്തുള്ളികള്‍ എപ്പോഴും ബാല്യകാല ഓര്‍മ്മകള്‍ മനസ്സില്‍ നിറയ്ക്കുന്നു’ വീഡിയോയ്ക്ക് ഒപ്പം സച്ചിന്‍ കുറിച്ചു.

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്‌മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെന്‍ഡുല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി.

Read more: കേട്ടുകൊണ്ടേയിരിക്കും; ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ആര്യ ദയാല്‍

പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്.

പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994- ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013- ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.

Story highlights: Sachin Tendulkar Enjoying Monsoon