കുമ്പളങ്ങി നൈറ്റ്‌സിന് ബോളിവുഡിൽ നിന്നും ഒരു ആശംസ; സംവിധാനവും കഥാപാത്രങ്ങളും ഏറെ മികച്ചതെന്ന് അനുഷ്ക ശർമ്മ

August 14, 2020

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ മികവു പുലര്‍ത്തി അതിനാൽ തിയേറ്ററുകള്‍ വിട്ടിറങ്ങിയിട്ടും കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ചില രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് ഒപ്പം കൂടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര് എത്തിയിരുന്നു. ചിത്രം തിയേറ്ററിലെത്തി ഒരു വർഷം പിന്നിട്ടിട്ടും ചിത്രത്തിന് അഭിനന്ദനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിൽ നിന്നുമാണ് ചിത്രത്തെ തേടി അഭിനന്ദനം എത്തുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശർമ എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അനുഷ്‌ക ചിത്രത്തിന് പ്രശംസ അറിയിച്ചിരിക്കുന്നത്. സംവിധാനവും അഭിനേതാക്കളും മികച്ചതാണെന്നാണ് അനുഷ്ക കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് സംവിധായകൻ മധു സി നാരായണനെയും അനുഷ്ക ടാഗ് ചെയ്തു.

Read also:‘തൊണ്ടവേദന, പനി തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു’- കൊവിഡ് ബാധിച്ചതായി നടി നിക്കി ഗൽറാണി

അതേസമയം കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകൾ എന്ന ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ഗായകൻ അർജിത് സിംഗും നേരത്തെ രംഗത്ത് വന്നിരുന്നു. ‘എ മാസ്റ്റർ പീസ്’ എന്നാണ് അർജിത് പാട്ടിനെ വിശേഷിപ്പിച്ചത്.

മധു സി നാരായണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാല് സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ്. 

Story Highlights:bollywood actress anushka sharma praises kumbalangi nights movie