നായകനായി ശ്രീനാഥ്‌ ഭാസി; അരുൺ കുമാർ അരവിന്ദ് ചിത്രം ഒരുങ്ങുന്നു

August 24, 2020

മലയാളത്തിന് ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച അരുൺ കുമാർ അരവിന്ദിന്റെ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ശ്രീനാഥ്‌ ഭാസിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദിലീഷ് നായർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, അർജുന്‍ അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രാഹകണം നിഖില്‍ എസ് പ്രവീണ്‍, സംഗീത സംവിധാനം ശേഖര്‍ മേനോന്‍ എന്നിവരാണ്. അതേസമയം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അണ്ടർവേൾഡാണ് അരുൺ കുമാർ അരവിന്ദിന്റെ അവസാന ചിത്രം. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. അതേസമയം കോക്ക് ടെയിൽ’,‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കാറ്റ്’ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്.

ഈ ചിത്രങ്ങൾക്ക് ശേഷം സിനിമ മേഖലയിൽ ചെറിയ ബ്രേക്ക് എടുത്ത ശേഷമാണ് അരുൺ കുമാർ അണ്ടർവേൾഡുമായി എത്തിയത്. ചിത്രത്തിൽ സ്റ്റാലിൻ ജോൺ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. ആസിഫിനൊപ്പം മകൻ ആദം അലിയും എത്തിയ ചിത്രത്തിൽ മുകേഷ്, ലാല്‍ ജൂനിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജെ പുളിയ്ക്കലാണ് നിർവഹിച്ചത്. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അതേസമയം ഒരുപിടി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ പുതിയ ചിത്രവുമായി എത്തുമ്പോൾ വലിയ ആവേശത്തിലാണ് സിനിമ പ്രേമികളും.

Story Highlights: arun kumar aravind film announced