വീണ്ടും കൈയടി നേടി ആവര്‍ത്തന; ഇത്തവണ ആര്യ ദയാലിന്റെ ‘സി ഐഡി മൂസ- മണി ഹെയ്സ്റ്റ് കോമ്പോ’

August 14, 2020
Avarthana imitating Arya Dhayal viral video

സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് അപരിചിതമല്ല ആവര്‍ത്തന എന്ന പേര്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ പ്രസംഗം അനുകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം അനുകരിച്ചുമെല്ലാം താരമായ ഈ മിടുക്കി വീണ്ടുമെത്തിയിരിക്കുകയാണ് മറ്റൊരു തകര്‍പ്പന്‍ പ്രകടനവുമായി. ഇത്തവണ പാട്ടുപാടി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ആര്യ ദയാലിന്റെ സി ഐഡി മൂസ മണി ഹെയ്സ്റ്റ് കോമ്പോ ആണ് ആവര്‍ത്തനക്കുട്ടി അതിമനോഹരമായി അനുകരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രശംസകള്‍ നേടിയതാണ് ആര്യ ദയാലിന്റെ സി ഐഡി മൂസ -മണി ഹെയ്സ്റ്റ് കോമ്പോ. സിഐഡി മൂസയിലെ പിന്നണി ഗാനവും മണി ഹെയ്സ്റ്റ് എന്ന പ്രസിദ്ധ വെബ് സീരിസിലെ ഗാനവും ചേര്‍ത്താണ് പുതിയ ഫ്യൂഷന്‍ ആര്യ ഒരുക്കിയത്. സഖാവ് എന്ന കവിത ആലപിച്ചുകൊണ്ട് സൈബര്‍ ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ആര്യ ദയാല്‍.

Read more: ബാഹുബലി 2-ല്‍ നിന്നും നീക്കം ചെയ്ത രംഗം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധേയമാകുന്നു

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ആവര്‍ത്തനയും. കണ്ണട വെച്ച് വെള്ള ഷര്‍ട്ട് ധരിച്ച് മുടിയും നരപ്പിച്ച് പിണറായി വിജയന്റെ ലുക്കും ഈ മിടുക്കി ഏറ്റെടുത്തതായിരുന്നു കഴിഞ്ഞ ദിവസം ആവര്‍ത്തന സോഷ്യല്‍ മീഡിയില്‍ എത്തിയത്. കൊവിഡ്കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുമുള്ള ഒരു ഭാഗമാണ് ആവര്‍ത്തന അനുകരിച്ചത്. അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള പിണറായി വിജയന്റെ മറുപടി അതേരീതിയില്‍ വീഡിയോയില്‍ ആവര്‍ത്തന അനുകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ നിയമസഭയിലെ പ്രസംഗം അതേപടി അനുകരിച്ചപ്പോഴും ആവര്‍ത്തനയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഈ മിടുക്കിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Story highlights: Avarthana imitating Arya Dhayal viral video