‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസ് മാറ്റിയതിൽ ദുഃഖവും സന്തോഷവുമുണ്ട്’- ഹൃദ്യമായ കുറിപ്പുമായി സഹനിർമാതാവ്
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി എത്തുന്ന വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ്. മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോൾ സിനിമയുടെ റീലിസ് മാറ്റിയതിൽ സങ്കടവും സന്തോഷവും ഒരുപോലെയുണ്ടെന്ന് പറയുകയാണ് സഹനിർമാതാവ് റോയ് സി ജെ.
‘ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ പറയാം. അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണത്തിൽ ആന്റണി പെരുമ്പാവൂരിനൊപ്പം പങ്കാളിയാണ് ഞാൻ. പൂർണമായും പ്രദർശനത്തിന് ഒരുങ്ങിയെങ്കിലും മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യാൻ സാധിക്കാതെ പോയതിൽ ഞാൻ ദുഖിതനാണ്, അതേസമയം സന്തോഷവുമുണ്ട്. റീലിസ് മാറ്റിവെച്ചതിന് പിന്നാലെ തിയേറ്ററുകളും ലോക്ക് ഡൗൺ കാരണം പൂട്ടിയിരുന്നു.അതുകൊണ്ടാണ് ഒരേസമയം ദുഃഖത്തിലും സന്തോഷത്തിലുമാണെന്ന് പറയുന്നത്.’ റോയ് സി ജെ കുറിക്കുന്നു.
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.
Read More: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; പ്രളയ മുന്നറിയിപ്പ് നല്കി ദേശീയ ജല കമ്മീഷന്
മരക്കാറെ കേന്ദ്ര കഥാപത്രമാക്കി മുൻപും സിനിമകൾ വന്നിട്ടുണ്ട്. അതേസമയം ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്.
Story highlights-co producer roy c j about extended release of marakkar