ഹൈസ്കൂൾ കാലത്തിന് ശേഷം ഒരു ചിത്രം വരച്ചത് മകൾക്ക് വേണ്ടി- മറിയത്തിന് പപ്പയുടെ സമ്മാനം

August 10, 2020

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമ ചിത്രീകരണങ്ങളെല്ലാം മാറ്റിവെച്ചത് സിനിമാതാരങ്ങൾക്ക് കുടുംബത്തോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങൾ തിരികെ നേടാൻ സഹായിച്ചു. പലരും മറന്നുപോയതും മാറ്റിവെച്ചതുമായ കഴിവുകളിലേക്കൊക്കെ ഒരു തിരനോട്ടം നടത്തുന്ന തിരക്കിലുമാണ്. മകൾക്കൊപ്പം തിരക്കുകൾ മാറ്റിവെച്ച് സജീവമായിരിക്കുന്ന സാഹചര്യത്തിൽ ഹൈസ്കൂളിൽ അവസാനിപ്പിച്ച ചിത്രരചന പൊടിതട്ടിയെടുത്തിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.

ഹൈസ്കൂളിന് ശേഷം മകൾക്കായാണ് ചിത്രം വരയ്ക്കുന്നതെന്ന കുറിപ്പുമായി താൻ വരച്ച ചിത്രം ദുൽഖർ ആരാധകർക്കായി പങ്കുവെച്ചു. ഒരു മോട്ടോർ ബൈക്കിന്റെ ചിത്രമാണ് ദുൽഖർ മകൾക്കായി വരച്ചത്. ഹൈസ്കൂളിന് ശേഷം വരയ്ക്കുന്ന ചിത്രം ഒരു കാറിന്റെയോ ബൈക്കിന്റെയോ ആയി മാറുന്നത് സ്വാഭാവികമാണെന്നും ദുൽഖർ കുറിക്കുന്നു.

മകൾ മറിയം അമീറാ സൽമാന് വേണ്ടി വരച്ച ചിത്രമാണെങ്കിലും ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന റോഡ് മൂവിയുടെ ഏഴാം വാർഷികത്തെക്കുറിച്ചും ദുൽഖർ ചിത്രത്തിനൊപ്പം സൂചിപ്പിക്കുന്നു. 2013ൽ റിലീസ് ചെയ്ത റോഡ് മൂവി ഗണത്തിൽ പെട്ട ചിത്രമാണ് ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’. സണ്ണി വെയ്ൻ ആയിരുന്നു ചിത്രത്തിൽ ദുൽഖറിനോപ്പം പ്രധാന വേഷത്തിലെത്തിയത്.

അതേസമയം, ദുൽഖർ സൽമാന്റെ വാഹന പ്രിയം സിനിമാലോകത്ത് പ്രസിദ്ധമാണ്. മമ്മൂട്ടിയുടെ അതെ ശീലങ്ങളാണ് ദുൽഖർ സൽമാനും വാഹനങ്ങളുടെ കാര്യത്തിൽ പിന്തുടരുന്നത്. ഇരുവരുടെയും വാഹന ശേഖരത്തിൽ വിപണിയിലെത്തുന്ന മികച്ച കാറുകളും ബൈക്കുകളുമുണ്ട്.

Read More: ‘ഒരു വശത്ത് കൊവിഡ്, മറുവശത്ത് ഇതുപോലുള്ള ദുരന്തങ്ങൾ..അങ്ങേയറ്റം വേദനാജനകം’; കേരളം നേരിട്ട രണ്ട് ദുരന്തങ്ങളിൽ അനുശോചിച്ച് മോഹൻലാൽ

മറിയം അമീറാ സൽമാനും വാഹനങ്ങളോടാണ് പ്രിയം. മകളുടെ കളിവണ്ടികളുടെ ചിത്രവും, വളരെ ലാഘവത്തോടെ ടോയ് കാർ ഓടിക്കുന്ന ചിത്രവുമെല്ലാം ദുൽഖർ സൽമാൻ പങ്കുവച്ചിരുന്നു.

Story highlights- Dulquer salmaan paints for daughter