‘ഒരു വശത്ത് കൊവിഡ്, മറുവശത്ത് ഇതുപോലുള്ള ദുരന്തങ്ങൾ..അങ്ങേയറ്റം വേദനാജനകം’; കേരളം നേരിട്ട രണ്ട് ദുരന്തങ്ങളിൽ അനുശോചിച്ച് മോഹൻലാൽ

August 8, 2020

ഒരേ ദിവസം വലിയ രണ്ടു ദുരന്തങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലും, കരിപ്പൂർ വിമാനാപകടവും. രാജ്യമൊട്ടാകെ ഞെട്ടിയ രണ്ടു സംഭവങ്ങളിലും അനുശോചനം അറിയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ‘രാജമല മണ്ണിടിച്ചിലും കരിപ്പൂർ വിമാനാപകടത്തിലും ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ. ഒരു വശത്ത് നമ്മൾ കോവിഡ് -19 നെ നേരിടാൻ ശ്രമിക്കുന്നു, മറുവശത്ത് ഇതുപോലുള്ള ദുരന്തങ്ങൾ നമ്മെ ബാധിക്കുന്നു, അത് അങ്ങേയറ്റം വേദനാജനകമാണ്’- മോഹൻലാൽ കുറിക്കുന്നു.

രാജമലയിൽ മണ്ണിടിച്ചിലിൽ 26 പേരാണ് ഇതുവരെ മരിച്ചത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. വെളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റർ അകലെയുള്ള മലയിലുണ്ടായ ഉരുൾ പൊട്ടലാണ് നാശം വിതച്ചത്. അഞ്ചു ലയങ്ങളാണ് അപകടത്തിൽ പെട്ടത്. ഈ പ്രദേശത്ത് വാർത്ത വിനിമയ സംവിധാനങ്ങളില്ലാത്തതും കനത്ത മഴയുമെല്ലാം രക്ഷപ്രവർത്തനത്തെ ബാധിച്ചെങ്കിലും തിരച്ചിൽ തുടരുകയാണ്. 84 പേരാണ് ഇവിടെയുള്ള ലയങ്ങളിൽ ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ടാറ്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Read More: എലിസബത്ത് രാജ്ഞിയുടെ രാജകീയ ജീവിതം അടുത്തറിയാൻ പുഷ്‌പോദ്യാനം 40 വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറക്കുന്നു

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹ പൈലറ്റുമടക്കം 18 പേരാണ് മരിച്ചത്. 190 പേരാണ് വിമാനത്തിൽ യാത്ര ചെയ്തത്.

Story highlights- Mohanlal about Karipur and rajamalai accidents