മമ്മൂട്ടി ചിത്രം ‘വണ്‍’ റിലീസ് ചെയ്യുക തിയേറ്ററുകളില്‍

August 11, 2020
Mammootty Movie One not into OTT Release

മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ എന്ന ചിത്രം തിയേറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക എന്ന് സംവിധായകന്‍. കഴിഞ്ഞ ദിവസം കൊവിഡ് പശ്ചാതലത്തില്‍ വണ്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ പ്രചരണം വ്യാജമാണെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ വ്യക്തമാക്കുകയും ചെയ്തു.

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് വണ്‍. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്സ്. ‘വണ്‍’ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more: മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ‘ദൃശ്യം 2’ സെപ്റ്റംബറില്‍ തുടങ്ങിയേക്കും

രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വണ്‍’. ബോബിസഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ വൈദി സോമസുന്ദരം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. നിഷാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു.

നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മമ്മൂട്ടിക്കും ജോജുവിനും പുറമെ, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Mammootty Movie One not into OTT Release