ഓണത്തിന് ഓൺലൈൻ റിലീസിനൊരുങ്ങുന്ന മലയാള സിനിമകൾ

August 29, 2020

ഈ ഓണക്കാലത്ത് നഷ്‌ടമായ ആഘോഷങ്ങളിൽ ഒന്നാണ് തിയേറ്റർ റിലീസ്. ഓണം റിലീസ് എന്നുപറഞ്ഞാൽ മലയാളികൾക്ക് ആവേശമായിരുന്നു. ഓണക്കാലത്ത് മാത്രം കുടുംബത്തോടൊപ്പം തിയേറ്ററുകളിൽ പോകുന്നവരും ഉണ്ട്. എന്നാൽ, കൊവിഡ് പ്രതിസന്ധി ഓണാഘോഷത്തിന്റെ പകിട്ട് നഷ്ടമാക്കിയതുപോലെ തിയേറ്റർ റിലീസുകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ നീണ്ട കാത്തിരിപ്പിന് ശേഷം ഓൺലൈൻ റിലീസും ടെലിവിഷൻ പ്രീമിയറും ആശ്രയിക്കുകയാണ് സിനിമാ പ്രവർത്തകർ. ഈ ഓണക്കാലത്ത് ചുരുക്കം ചില ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് ഓൺലൈനിലൂടെ എത്താൻ തയ്യാറെടുക്കുകയാണ്.

മണിയറയിലെ അശോകൻ, സീ യു സൂൺ, കിലോമീറ്റേഴ്ഗ്‌സ് ആൻഡ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങളാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്. തിരുവോണ നാളിൽ രണ്ടു ചിത്രങ്ങളാണ് എത്തുക. മണിയറയിലെ അശോകനും, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്‌സും.

ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസ് ഒരുക്കുന്ന ‘മണിയറയിലെ അശോകൻ’ തിരുവോണദിനത്തിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തും.  ആഗസ്റ്റ് 31ന് ചിത്രം എത്തുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘മണിയറയിലെ അശോകൻ’. ചിത്രത്തിലെ നായകൻ കൂടിയായ ജേക്കബ് ഗ്രിഗറി നിർമ്മാണ പങ്കാളിയാണ്. ഗ്രിഗറിയുടെ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്.

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് പൈറസി ഭീഷണിയുള്ളതുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയാണ്. ടെലിവിഷൻ പ്രീമിയറായാണ് തിരുവോണ നാളിൽ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ടൊവിനോ തോമസും ഇന്ത്യ ജാർവിസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: ഓണം വരവേറ്റ് താരപുത്രികൾ; മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ച് സുരേഷ് ഗോപിയുടെ പെൺമക്കൾ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സി യു സൂൺ. ചിത്രത്തിൽ ഫഹദിനൊപ്പം റോഷൻ മാത്യുവും ദർശന രാജേന്ദ്രനും എത്തുന്നുവെന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സെപ്‌റ്റംബർ ഒന്നിനാണ് ചിത്രം എത്തുന്നത്.

Story highlights- onam release