ഐസൊലേഷനിൽ കഴിയുന്ന സുഹൃത്തിന് ഭക്ഷണം എത്തിച്ച് നൽകി വിജയ്

August 26, 2020

ക്വാറന്റീനിൽ കഴിയുന്ന സുഹൃത്തിന് ഭക്ഷണം എത്തിച്ച് നൽകി മാതൃകയാകുകയാണ് തമിഴ് നടൻ വിജയ്. വിജയ്‌യുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സഞ്ജീവിന് ഭക്ഷണം എത്തിച്ചു നൽകിയതിനെ കുറിച്ചാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം സഞ്ജീവ് വേഷമിട്ടിരുന്നു. വായു മലിനീകരണത്തെ തുടർന്ന് മാസ്റ്റർ ചിത്രീകരണം നിർത്തിവെച്ചപ്പോൾ വിജയ്‌ക്കൊപ്പം ക്രിക്കറ്റ് കളിച്ചതിനെക്കുറിച്ചും ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം സഞ്ജീവ് മുൻപ് പങ്കുവെച്ചിരുന്നു. ഇപ്പോൾ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷനിൽ കഴിയുന്ന സഞ്ജീവ് വീട്ടിൽ ഒറ്റക്കാണ്. അസുഖ ലക്ഷണം തോന്നിയപ്പോൾ തന്നെ കുടുംബത്തെ മാറ്റിപാർപ്പിക്കുകയായിരുന്നു.

വിജയുമായുള്ള ഫോൺ സംഭാഷണത്തിനിടെ വീട്ടിൽ ആരുമില്ലെന്ന കാര്യം സഞ്ജീവ് പങ്കുവെച്ചിരുന്നു. പിന്നാലെ പതിനഞ്ചു മിനിറ്റിനുള്ളിൽ വിജയ് സഞ്ജീവിനുള്ള ആഹാരം വീട്ടിലെത്തിച്ചു നൽകി. വലിയ ആരാധക പിന്തുണയുള്ള വിജയ്‌യുടെ ഈ സഹായം ആരാധകർ ആഘോഷമാക്കുകയാണ്.

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്ത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.

Story highlights- vijay’s helping hands towards his friend sanjeev