ലോക കൊതുക് ദിനത്തിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന ജീവിയാണ് കാഴ്ചയിൽ തീരെ ചെറുതെങ്കിലും അപകടകാരിയായ കൊതുക്. ലോക കൊതുക് ദിനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കൊതുക് പടരാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് തന്നെയാണ്.
കൊതുകുകൾ പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എറിഞ്ഞുകളയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോട് തുടങ്ങി ചെറിയ അളവിൽ വെള്ളം കെട്ടികിടക്കുന്നിടത്തുവരെ കൊതുകുകൾ വളരാം. അതിനാൽ എപ്പോഴും വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. ഫ്രിഡ്ജിനടിയിലെ ട്രേയിലെ വെള്ളവും ഇടയ്ക്കിടെ മാറ്റേണ്ടതാണ്. ഇടയ്ക്കിടെ വീടും പരിസരവും കുന്തിരിക്കം പുകയ്ക്കുന്നതും നല്ലതാണ്. ഉറങ്ങുമ്പോൾ കൊതുകു വലകൾ ഉപയോഗിക്കുക.
ഈ സമയങ്ങളിൽ ഏറെ കരുതൽ അനിവാര്യം: വൈകുന്നേര സമയങ്ങളിലാണ് കൂടുതലും കൊതുകുകൾ വരുക. ഈ സമയത്ത് ജനലുകളും വാതിലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തണം. എന്നാൽ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്. അതിനാൽ വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ ചെലുത്തണം. കുട്ടികൾക്കും മറ്റും ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
കൊതുക് കൂടുതലായി ആക്രമിക്കുന്നത് ആരൊയൊക്കെ: ശരീരത്തിൽ അടങ്ങിയിരിക്കുന്ന കാർബൺഡൈ ഓക്സൈഡ്, രക്തഗ്രൂപ്പ് എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയാണ് കൊതുക് കടിയ്ക്കുന്നത്. കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നത് ഒ ഗ്രൂപ്പ് വിഭാഗത്തിൽപ്പെട്ടവരെയാണ്. കൂടുതലായി കാർബൺഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നവരെ കൊതുകുകൾ ആകർഷിക്കാറുണ്ട്. അമിതവണ്ണമുള്ളവർ, ഗർഭിണികൾ എന്നിവർ കൂടുതലായി കാർബൺഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കും. അതിനാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെയാണ് കൊതുകുകൾ കൂടുതലായി ആക്രമിക്കുന്നത്.
അതേസമയം വിയർപ്പിന്റെ ഗന്ധമുള്ളവരെയും കൊതുകുകൾ ആകർഷിക്കാറുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി വിയർക്കുന്നവർ പുറപ്പെടുവിക്കുന്ന ലാക്ടിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ തുടങ്ങിയവ കൊതുകുകൾക്ക് മണക്കാൻ സാധിക്കും.
കൊതുക് കടിയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ: പലപ്പോഴും ശ്രദ്ധകൊണ്ട് മുതിര്‍ന്നവര്‍ക്ക് കൊതുകുകടിയില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെയല്ല. സ്വയം കൊതുകുകളെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് അറിയാറില്ല. അതുകൊണ്ടുതന്നെ കൊതുകുകടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ മാതാപിതാക്കളും മുതിര്‍ന്നവരുമൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ ഉറങ്ങുമ്പോള്‍ കൊതുകുവല ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. ഒരു പരിധിവരെ കൊതുകുകളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല മഴക്കാലത്ത് കുഞ്ഞുങ്ങളെ കൈകളും കാലുകളുമൊക്കെ നല്ലതുപോലെ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. വായു സഞ്ചാരം ഉറപ്പാക്കുന്ന കോട്ടന്‍ വസ്ത്രങ്ങളാണ് നല്ലത്.
കൊതുക് പരത്തുന്ന രോഗങ്ങൾ: മഴക്കാലം ആരംഭിച്ചതോടെ കൊതുകുകളും പെരുകിത്തുടങ്ങി. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളില്‍ ചിലത് മാത്രം.
Story Highlights: world mosquito day