വിക്രം നായകനാകുന്ന ‘കോബ്ര’യ്ക്കായി ചെന്നൈയിൽ റഷ്യയുടെ മാതൃകയിൽ സെറ്റൊരുങ്ങുന്നു

September 20, 2020

‘ഇമൈക്ക നൊടികൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അജയ് ജ്ഞാനമുത്തുവിനൊപ്പം ‘കോബ്ര’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടൻ വിക്രം. ‘കെജിഎഫ്’ നായിക ശ്രീനിധി ഷെട്ടി വിക്രമിനൊപ്പമെത്തുന്ന ചിത്രത്തിൽ ഇർഫാൻ പത്താൻ, മിയ ജോർജ് തുടങ്ങിയവരും വേഷമിടുന്നു. ഇപ്പോഴിതാ, ചെന്നൈയിൽ റഷ്യയെ അനുസ്മരിപ്പിക്കുന്ന ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോബ്ര നിർമാതാക്കൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘കോബ്ര’യിൽ ഒട്ടേറെ കഥാപാത്രങ്ങളെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിവിധ തരത്തിലുള്ള ഏഴ് രൂപങ്ങളിൽ വിക്രം എത്തിയിരുന്നു. റഷ്യയിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപനവും. ലോക്ക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് ടീം മടങ്ങുകയായിരുന്നു.

പല രാജ്യങ്ങളിലും അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായും പുനഃരാരംഭിച്ചിട്ടില്ല. അതുകൊണ്ട് റഷ്യ പോലെ ഒരു സെറ്റ് സൃഷ്ടിക്കാനും ചെന്നൈയിൽ തന്നെ രംഗങ്ങൾ ചിത്രീകരിക്കാനും ‘കോബ്ര’ ടീം തീരുമാനിച്ചതായാണ് റിപ്പോർട്ട്.

Story highlights- ‘Cobra’ team to recraete Russia for shooting