‘ഞങ്ങളിപ്പോൾ നിങ്ങളുടെ ഡിജിറ്റൽ സ്‌ക്രീനിലുണ്ട്’- ‘സീ യു സൂൺ’ കാണാൻ പ്രേക്ഷകരെ ക്ഷണിച്ച് ഫഹദ് ഫാസിൽ

September 2, 2020

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സീ യു സൂൺ. ഓൺലൈൻ റിലീസിന് എത്തിയ ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിക്കുകയാണ് ഫഹദ് ഫാസിൽ. ‘ഞങ്ങളിപ്പോൾ നിങ്ങളുടെ ഡിജിറ്റൽ സ്‌ക്രീനിലുണ്ട്, സീ യു സൂൺ പ്രൈമിൽ കാണുക’ എന്ന കുറിപ്പിനൊപ്പം സ്മാർട്ട് ടി വിയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രവും ഫഹദ് പങ്കുവെച്ചിട്ടുണ്ട്.

ആമസോൺ പ്രൈമിലാണ് സീ യു സൂൺ പ്രദർശനത്തിനെത്തിയത്. മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രമായാണ് സീ യു സൂൺ വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള സിനിമാ വ്യവസായം കൊവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോൾ ഒരു അതിജീവന ശ്രമമായി ഒരു കോട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ചിത്രമാണ് സീ യു സൂൺ. പരിമിതമായ സൗകര്യങ്ങളിൽ വിവിധ ഇടങ്ങളിലിരുന്നാണ് ഫഹദും മഹേഷ് നാരായണനും ചിത്രം ഒരുക്കിയത്.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരയാണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോഴാണ് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് ഫഹദും മഹേഷ് നാരായണനും പുതിയ ചിത്രത്തിലേക്ക് തിരിഞ്ഞത്. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാത്രമല്ല, ക്യാമറകൾക്ക് പകരം ഐ ഫോണാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

സൈജു കുറുപ്പ്, മാല പാർവതി, തുടങ്ങി ചുരുക്കം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ ഓടിടി റിലീസ് ആണ് സീ യു സൂൺ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് നിർമിച്ച ചിത്രത്തിൽ റോഷന്റെയും, ഫഹദ് ഫാസിലിന്റെയും പ്രകടനത്തെക്കാൾ കയ്യടി ലഭിക്കുന്നത് ദർശന രാജേന്ദ്രനാണ്.

Story highlights- fahad fasil invites audience to watch c u soon