ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാം ഈ 5 ശീലങ്ങളിലൂടെ

September 22, 2020

ഇന്നത്തെ ജീവിത സാഹചര്യങ്ങളാണ് തടി വർധിക്കുന്നതിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇക്കാലത്ത് മിക്കവരെയും അലട്ടുന്ന ഒന്നാണ് അമിതവണ്ണം. ശരീരഭാരം കുറയ്ക്കുന്നതിനായി ചിട്ടയായ ജീവിത ശൈലിയും ഭക്ഷണ ശീലവും വളർത്തിയെടുക്കേണ്ടതായുണ്ട്. അതിനായി ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയും. അതിൽ ഒന്നാണ് വ്യായാമം ശീലമാക്കുക എന്നത്.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി മാനസീക സമ്മര്‍ദ്ദം കുറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാനും വ്യായാമം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. 

ഉറക്കവും ശരീരഭാരവും തമ്മിൽ വലിയ ബന്ധമുണ്ട്. ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ദിവസവും ആറ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ എങ്കിലും ഉറങ്ങണം.

മൂന്നാമതായി സമയം തെറ്റിയുള്ള ഭക്ഷണരീതി പൊണ്ണത്തടിയ്ക്ക് കാരണമാകും. ക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതമായി ശരീരത്തിൽ കൊഴുപ്പടിയുന്നു. അതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അതിന് പുറമെ ഇടയ്ക്കിടെ പലഹാരങ്ങൾ കഴിക്കുന്ന ശീലം ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രി സമയത്ത്. ജങ്ക് ഫുഡ് ധാരാളമായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ഭക്ഷണ ശീലത്തിൽ കൃത്യമായി ശ്രദ്ധിക്കണം. പരമാവധി ജങ്ക് ഫുഡ് ഒഴിവാക്കുക.

ഭക്ഷണം ഉപേക്ഷിച്ച് കൊഴുപ്പ് കുറയ്ക്കുന്നത് വളരെ അപകടകരമാണ്. അതിനാൽ ശരിയായ പോഷകങ്ങൾ ശരീരത്തിന് നൽകിക്കൊണ്ട് വേണം ശരീരഭാരം കുറയ്ക്കാൻ. അതിനാൽ ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ല ശീലമല്ല. പ്രത്യേകിച്ച് ഉച്ചഭക്ഷണം ഒഴിവാക്കുന്നത്. ഇത് വിശപ്പ് കൂട്ടുകയും പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാനിടവരുത്തുകയും ചെയ്യും. ചോറിന്‍റെ അളവ് കുറച്ച് കൂടുതൽ സാലഡ്, പച്ചക്കറികൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക.

വെള്ളം കുടിയ്ക്കുന്നത് ഒരുപരിധിവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചൂടുവെള്ളത്തിനു കൊഴുപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. കൂടിയ തോതിൽ ജലാംശമുള്ള ശരീരം പേശികളേയും അവയവങ്ങളേയും വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചൂട് വെള്ളം കൊണ്ട് സാധിക്കും. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസേന ഭക്ഷണത്തിനു മുൻപായി, ഏകദേശം പതിനഞ്ചു മിനിറ്റെങ്കിലും മുൻപായി ചൂട് വെള്ളം കുടിക്കുക. കലോറി ഏതാണ്ട് 13 % വരെ കുറയ്ക്കാൻ ചൂടുവെള്ളത്തിനു സാധിക്കും. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിച്ചാൽ ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നലും ഇല്ലാതാവും. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കും.

Story Highlights: five methods to reduce weight