രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാം ഈ പഴങ്ങൾ

September 23, 2020

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. കാരണം രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് കൂടുതലായും ആക്രമിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതിനാൽ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം.

വിറ്റാമിന്‍ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധശക്തി കൂട്ടാൻ കഴിക്കേണ്ടത്. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഓറഞ്ച്: വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, പൊട്ടാസ്യം എന്നിവ കണ്ണുകളുടെ കാഴ്ചശക്തിക്കും ഗുണകരമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും ചെറുക്കാന്‍ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്: ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും.

മാതളനാരങ്ങ: രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും ബെസ്റ്റാണ് മാതളനാരങ്ങ. വൈറ്റമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫലം കഴിക്കുന്നത് ശീലമാക്കിയാൽ  രോഗപ്രതിരോധ ശേഷി വർധിക്കും.

പാഷൻ ഫ്രൂട്ട്: ഒന്നും രണ്ടുമല്ല നിരവധി ഗുണങ്ങളുണ്ട് പാഷൻ ഫ്രൂട്ടിന്. പ്രമേഹം, കാന്‍സര്‍, ബ്ലഡ് പ്രഷർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനോടൊപ്പം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, ചർമ്മത്തിന്റെ ഭംഗിക്കും വരെ ഉത്തമമാണ് ഈ ഫലം.

Story Highlights: four fruits to improve immunity power