മലയാളത്തിന്റെ സൂപ്പർ ഹീറോ മിന്നൽ മുരളിയ്ക്ക് ബോളിവുഡിൽ നിന്നൊരു ആശംസ

September 2, 2020

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ കഥയുമായി എത്തുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ടീസറിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഋത്വിക് റോഷൻ. വേഗമേറിയ സൂപ്പർ ഹീറോയ്ക്ക് ആശംസകൾ.. ടൊവിനോ താമസിനും ടീമിനും അഭിനന്ദനങ്ങൾ, ചിത്രത്തിനായി കാത്തിരിക്കുന്നു എന്നാണ് ഋത്വിക് ട്വിറ്ററിൽ കുറിച്ചത്.

‘ഗോദ’യ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരും ചിത്രത്തിൽ ടൊവിനോയ്ക്ക് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ബാറ്റ്മാൻ’, ‘ബാഹുബലി’ എന്നീ ചിത്രങ്ങളുടെ ഫൈറ്റ് കോറിയോ​ഗ്രാഫറായ വ്ളാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ടു സംഘട്ടന രം​ഗങ്ങൾ ഒരുക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചനയും നിർവഹിക്കുന്നു. ആൻഡ്രൂ ഡിക്രൂസാണ് വി എഫ് എക്‌സ് ഒരുക്കുന്നത്.

And that’s India’s iconic superhero KRRISH wishing the new entrant Minnal Murali to the superhero arena ! Thank you sir…

Posted by Tovino Thomas on Tuesday, 1 September 2020

അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയില്‍ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Read also:അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story Highlights:hrithik roshan wishes to minnal murali