‘സമുദ്രത്തിലൂടെ അതിനപ്പുറത്തേക്ക്’ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ ഇന്ദ്രൻസ്; ശ്രദ്ധേയമായി ഫോട്ടോഷൂട്ട്

September 4, 2020

ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ മേഖലയിൽ തിരക്കുള്ള താരമായി മാറിയ താരമാണ് ഇന്ദ്രൻസ്. സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാര വിദഗ്ധനായി മലയാള സിനിമയുടെ ഭാഗമായെത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോക സിനിമയുടെ നെറുകയിലാണ്‌…കുറച്ച് നാളുകളായി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ് ഈ ചെറിയ വലിയ മനുഷ്യൻ. അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം ഇന്ദ്രൻസ് നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്.

ഇപ്പോഴിതാ ഞെട്ടിക്കുന്ന മേക്ക് ഓവറിലൂടെ വീണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയിരിക്കുകയാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഒരു ഫോട്ടോഷൂട്ടാണ് ഏറെ ശ്രദ്ധയ്ക്കപ്പെടുന്നത്. ദി ബൊഹീമിയൻ ഗ്രൂവ് ടീമാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. ‘സമുദ്രത്തിലൂടെ അതിനപ്പുറത്തേക്ക്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Read also: ‘ദ് അക്വാ ബോയ്‌സ്’; ഇസക്കൊപ്പമുള്ള മനോഹരനിമിഷം പങ്കുവെച്ച് കുഞ്ചാക്കോബോബന്‍

ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ താരത്തെത്തേടി എത്തിയിരുന്നു. അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്.

ഇന്ദ്രൻസിനൊപ്പം ശ്രീനിവാസന്‍, ഇര്‍ഷാദ്, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, സുനില്‍ സുഖദ, പ്രശാന്ത് അലക്‌സ്, ദുര്‍ഗ്ഗാ കൃഷ്ണ, ലിയോണ ലിഷോയ്, വി.എം ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആനന്ദം ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Story Highlights:indrans photoshoot goes viral