രജനികാന്തിന്റെ ‘അണ്ണാത്തെ’യിൽ വില്ലനാകാനൊരുങ്ങി ജാക്കി ഷ്രോഫ്
രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ വമ്പൻ താരനിരതന്നെ അണിനിരക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, വേല രാമമൂർത്തി എന്നിവരാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ് ഈ വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ.
കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ്രാജ്, സതീഷ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും. നയൻതാരയും കീർത്തി സുരേഷും ഉൾപ്പെടുന്ന ഭാഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്. ഇതിനൊപ്പം തന്നെ ജാക്കി ഷ്രോഫ് ഷൂട്ടിംഗിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ജനുവരിയിലാണ് രജനികാന്ത് ഷൂട്ടിങ്ങിൽ പങ്കെടുക്കു. അതുവരെ ബാക്കിയുള്ള താരങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അണ്ണാത്തെയുടെ പകുതി ചിത്രീകരണം രജനികാന്ത് പൂർത്തിയാക്കിയിരുന്നു.
ജാക്കി ഷ്രോഫിന്റെ ആദ്യ തമിഴ് ചിത്രമല്ല അണ്ണാത്തെ. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിൽ വില്ലൻ വേഷത്തിലും എത്തിയിരുന്നു. ഇപ്പോൾ സൂര്യ ചിത്രം ‘സൂരറൈ പോട്രി’ലും ജാക്കി ഷ്രോഫ് വേഷമിടുന്നുണ്ട്.
Story highlights- Jackie Shroff to play the villain role in Annaatthe