ഭാഗ്യനായികയ്ക്ക് പിറന്നാൾ ആശംസിച്ച് മോഹൻലാൽ- ‘ദൃശ്യം 2’ സെറ്റിലേക്ക് മീനയെ ക്ഷണിച്ച് പ്രിയതാരം

September 16, 2020

തെന്നിന്ത്യയിലെ ഹിറ്റ് നായികയാണ് മീന. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയാകാൻ അവസരം ലഭിച്ച മീന ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ്. മീനയ്‌ക്കൊപ്പം തന്നെ മകളും സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. മലയാളികൾക്ക് മോഹൻലാലിൻറെ ഭാഗ്യനായികയാണ് മീന. ഇന്ന് നാല്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന തന്റെ ഭാഗ്യ നായികയ്ക്ക് പിറന്നാൾ ആശംസിക്കുകയാണ് മോഹൻലാൽ.

പിറന്നാൾ ആശംസയ്‌ക്കൊപ്പം ദൃശ്യം 2 ഷൂട്ടിംഗിലേക്ക് മീനയെ ക്ഷണിച്ചിട്ടുമുണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മീന തന്നെയാണ് നായിക. മോഹൻലാൽ- മീന കൂട്ടുകെട്ടിലെത്തിയ എല്ലാ ചിത്രങ്ങളും വമ്പൻ വിജയമേ സൃഷ്ടിച്ചിട്ടുള്ളു. വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച മോഹൻലാലും മീനയും അടുത്ത സുഹൃത്തുക്കളുമാണ്.

ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം, ചന്ദ്രോത്സവം, മിസ്റ്റര്‍ ബ്രഹ്മാചരി, നാട്ടുരാജാവ്, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലും നടിമോഹൻലാലിനൊപ്പം വേഷമിട്ടിരുന്നു. മീനയും മോഹൻലാലും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി ഈ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കും.

Read More: രജനികാന്തിന്റെ ‘അണ്ണാത്തെ’യിൽ വില്ലനാകാനൊരുങ്ങി ജാക്കി ഷ്രോഫ്

അതേസമയം, സെപ്റ്റംബർ 14നാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചത്. തൊടുപുഴയിലും, എറണാകുളത്തുമായി ചിത്രീകരിക്കുന്ന രണ്ടാം ഭാഗത്തിൽ ആരൊക്കെയാണ് മോഹൻലാലിനും മീനയ്ക്കും പുറമെ വേഷമിടുന്നതെന്ന് വ്യകതമല്ല. ആദ്യ ഭാഗം ഒരു കുടുംബം കൊലപാതകവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ രണ്ടാം ഭാഗം തികച്ചും കുടുംബചിത്രമായിരിക്കുമെന്നും ആദ്യഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല എന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

Story highlights- mohanlal wishes and welcoming meena to the sets of drishyam 2