‘പഴങ്കഞ്ഞിയിൽ ഇച്ചിരി ലൂബിക്ക ചമ്മന്തിയിട്ട് ഒന്നു കുടിച്ചു നോക്കിയേ..’- നാവിൽ കൊതിയൂറിച്ച് മുക്ത

മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് കഞ്ഞിയും ചമ്മന്തിയും. പഴങ്കഞ്ഞിയാണെങ്കിൽ പറയുകയേ വേണ്ട. ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്കഞ്ഞിക്ക് എന്നും ചമ്മന്തിയാണ് ബെസ്റ്റ്. ഗൃഹാതുരത്വം നിറയുന്ന കഞ്ഞിയും ചമ്മന്തിയും ഓർമിപ്പിച്ച് ആരാധകരുടെ നാവിൽ കൊതിയൂറിപ്പിക്കുകയാണ് നടി മുക്ത. കഞ്ഞിക്കൊപ്പം ലൂബിക്ക അച്ചാർ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് മുക്ത.
ചില സ്ഥലങ്ങളിൽ റൂബിക്ക എന്നും ഒലോലിക്ക എന്നും അറിയപ്പെടുന്ന ലൂബിക്ക പഴങ്കഞ്ഞിക്കൊപ്പം കഴിച്ചാൽ സൂപ്പറാണെന്നാണ് മുക്ത പറയുന്നത്. ‘നമ്മുടെ ലൂബിക്ക. ഇന്നത്തെ ഊണിന് നല്ല കാന്താരി പൊട്ടിച്ച് എന്റെ സ്പെഷ്യൽ ലൂബിക്ക ചമ്മന്തി. പഴങ്കഞ്ഞിയിൽ ഒക്കെ ഇച്ചിരി ഇട്ട് ഒന്നു കുടിച്ചു നോക്കിയേ..’- മുക്ത കുറിക്കുന്നു.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത നാടൻ വിഭവങ്ങളും നാട്ടുവൈദ്യവുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകൾ കണ്മണിക്കായി എണ്ണ കാച്ചുന്ന വീഡിയോ മുക്ത പങ്കുവെച്ചിരുന്നു.
‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് തമിഴ് സിനിമകളിൽ സജീവമായി. 2015ൽ വിവാഹിതയായ മുക്ത, ഇപ്പോൾ അഭിനയത്തിനൊപ്പം മകളുടെ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
Story highlights- muktha about nostalgic food