‘താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത’; ശങ്കരാടിയുടെ ആ ഡയലോഗ് വീണ്ടും: ശ്രദ്ധ നേടി മോഷന്‍ പോസ്റ്റര്‍

September 11, 2020
Oru Thathvika Avalokanam Movie Motion Poster

താത്വികമായ ഒരു അവലോനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… ശങ്കരാടിയുടെ ഈ ഡയലോഗ് ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. സന്ദേശം എന്ന സിനിമ തിയേറ്ററുകളിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും വിട്ടകന്നിട്ടില്ല സിനിമയുടെ ഓര്‍മ്മകള്‍. ശങ്കരാടിയുടെ ഡയലോഗിലെ ‘ഒരു താത്വിക അവലോകനം’ എന്ന വാക്കും ഹിറ്റായി. ഈ പേരില്‍ ഒരു സിനിമയൊരുങ്ങുന്നു.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തെത്തി. ശങ്കരാടിയുടെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയിത്. പോസ്റ്ററിലെ ചിത്രവും ശങ്കരാടിയുടേത് തന്നെ. നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് താത്വിക അവലോകനം. ചിത്രത്തില്‍ ജോജു ജോര്‍ജ്, നിരഞ്ജന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്ന ചിത്രം മാക്സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

അതേസമയം കേരള രാഷ്ട്രീയത്തെ പ്രമേയമാക്കി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം എന്ന ചിത്രത്തില്‍ ശ്രദ്ധ നേടിയ ‘താത്വിക അവലോകനം’ എന്ന ഡയലോഗുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന കാര്യമാണ് സന്ദേശം എന്ന ചിത്രത്തിന്റെ പ്രമേയം. 1991 -ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം തിയേറ്ററില്‍ എത്തി മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ആ ചിത്രത്തിലെ ഒരു ഡയലോഗ് സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികള്‍.

Story highlights: Oru Thathvika Avalokanam Movie Motion Poster