തസ്കരവീരന് രണ്ടാം ഭാഗമെത്തുന്നതായി പ്രമോദ് പപ്പൻ; തിരക്കഥ ഒരുക്കുന്നത് ഡെന്നിസ് ജോസഫ്

September 10, 2020

മമ്മൂട്ടിക്കൊപ്പം നയൻതാര നായികാവേഷത്തിലെത്തിയ തസ്കരവീരന് രണ്ടാം ഭാഗം ഒരുങ്ങുന്നു. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണെന്ന് ഇരട്ട സംവിധായകരായ പ്രമോദ് പപ്പനാണ് അറിയിച്ചത്. 2005ലായിരുന്നു തസ്കരവീരൻ തിയേറ്ററുകളിൽ എത്തിയത്.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡെന്നിസ് ജോസഫ് ആണെന്നും മമ്മൂട്ടിയെ നേരിൽ കണ്ട് സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പ്രമോദ് പപ്പൻ അറിയിച്ചു. 2004ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വജ്രത്തിലൂടെയാണ് പ്രമോദ് പപ്പൻ സിനിമാലോകത്തേക്ക് എത്തുന്നത്.

അറക്കളം ഭായിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു തസ്കരവീരൻ. ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം, മമ്മൂട്ടിയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനത്തിൽ കലാഭൈരവൻ എന്ന മ്യൂസിക് വീഡിയോ പ്രമോദ് പപ്പൻ ഒരുക്കിയത് ശ്രദ്ധ നേടിയിരുന്നു. പ്രമോദ് ഡിജിറ്റൽ പെയിന്റ് ചെയ്ത വിവിധ ഗെറ്റപ്പുകളാണ് വീഡിയോയിൽ അണിനിരന്നത്.

Read More: ഇത് കലാഭൈരവൻ മമ്മൂക്ക; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

എബ്രഹാം&ലിങ്കൺ, ബാങ്കോക്ക് സമ്മർ, മുസാഫിർ, ബ്ലാക്ക് സ്റ്റാലിയൻ എന്നീ ചിത്രങ്ങളും പ്രമോദ് പപ്പൻ ഒരുക്കിയതാണ്. മമ്മൂട്ടിയുടെ ഗൾഫ് ഷോകളിൽ സജീവ സാന്നിധ്യമാണ് ഇവർ. അതേസമയം, ദി പ്രീസ്റ്റ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. ആരാധകർ കാത്തിരുന്ന ‘ബിഗ് ബി’യ്ക്ക് ബിലാൽ എന്ന രണ്ടാം ഭാഗവും ഉടൻ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ എത്തുന്ന വൺ ആണ് ഇനി തിയേറ്ററുകളിൽ എത്താനുള്ളത്.

story highlights- pramod pappan to direct thaskaraveeran second part