രാഹുല്‍ മാധവ് പിന്മാറിയപ്പോള്‍ അങ്ങനെ സെവന്‍ത് ഡേയില്‍ ടൊവിനോ എത്തി; അനുഭവം പങ്കുവെച്ച് നിര്‍മാതാവ്

September 3, 2020
Rahul Madhav replaced by Tovino Thomas in seventh day

സെവന്‍ത് ഡേ എന്ന സിനിമയിലൂടെ ആരംഭിച്ചതാണ് പൃഥ്വിരാജും ടൊവിനോയും തമ്മിലുള്ള സൗഹൃദം. ഈ ചിത്രത്തിലെ അഭിനയം ഇഷ്ടപ്പെട്ടിട്ടാണ് എന്നു നിന്റെ മൊയ്തീനിലേക്ക് ടൊവിനോയെ വിളിച്ചതെന്നും ഒരു ടെലിവിഷന്‍ പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തില്‍ മറ്റൊരു താരത്തിന് പകരക്കാരനായാണ് ടൊവിനോ എത്തിയത്. എന്നാല്‍ ഏത് താരത്തിന് പകരക്കാരനായാണ് ടൊവിനോ എത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഇത് വ്യക്തമാക്കുകയാണ് സെവന്‍ത് ഡേ സിനിമയുടെ നിര്‍മാതാവ് ഷിബു ജി സുശീലന്‍. ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത് നടന്‍ രാഹുല്‍ മാധവനെയായിരുന്നുവെന്നും നിര്‍മാതാവ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഷിബു ജി സുശീലന്റെ കുറിപ്പ്

എന്റെ ചില തീരുമാനങ്ങള്‍ ഒരു നടന്റെ ഉയര്‍ച്ചയെ സഹായകം ആയതില്‍ അഭിമാനം കൊള്ളുന്നു. മെമ്മറീസില്‍ പൃഥ്വിരാജ്‌നൊപ്പം അഭിനയിച്ച രാഹുല്‍ മാധവിനെ ആയിരുന്നു 7TH DAY ല്‍ കാസറ്റ് ചെയ്തിരുന്നത്. അഡ്വാന്‍സ് നല്‍കി ഫോട്ടോ ഷൂട്ടിംഗ് വരെ കഴിഞ്ഞു. സിനിമ അനൗണ്‍സ് ചെയ്തു. സിനിമ തുടങ്ങാന്‍ ഒരാഴ്ച മാത്രം..

അപ്പോള്‍ ആണ്. പക്ഷേ ആ സമയത്ത് തമിഴ് സിനിമയില്‍ ചാന്‍സ് ലഭിച്ച രാഹുല്‍ മാധവ് ചെന്നൈ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തില്‍ എനിക്ക് വിഷമം തോന്നി. കാരണം അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാന്‍സ് നല്‍കി ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത മറ്റൊരു നടന്‍ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു. പകരം അനുമോഹന്‍ കൂടി എന്റെ സിനിമയിലേക്ക് എത്തി.

ഞാന്‍ രാഹുല്‍ മാധവിനോട് അഡ്വാന്‍സ് തിരിച്ചു തരാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. അദ്ദേഹം അഡ്വാന്‍സ് ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു നല്‍കി. പക്ഷേ അജ്മലില്‍ നിന്ന് അഡ്വാന്‍സ് ഞാന്‍ തിരിച്ചു ചോദിച്ചില്ല. ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി. കാരണം അദ്ദേഹം അഭിനയിക്കാന്‍ റെഡി ആയിരുന്നു.

എന്റെ ചില തീരുമാനങ്ങള്‍ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോള്‍ മനസിലായി. പൃഥ്വിരാജ് ടോവിനോ സൗഹൃദം 7TH DAY ല്‍ തുടങ്ങി ലൂസിഫര്‍ വരെ എത്തി. എന്റെ തീരുമാനങ്ങള്‍ക്ക് പൃഥ്വിരാജിന്റെ സപ്പോര്‍ട് വളരെ വലുതായിരുന്നു. അത് എന്നും ഓര്‍ക്കുന്നു..

Story highlights: Rahul Madhav replaced by Tovino Thomas in seventh day