‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ, മോനുമായി വരുന്നവൻ മോൻസ്റ്റർ’- രസികൻ ചിത്രവുമായി രമേഷ് പിഷാരടി

September 21, 2020

രസകരമായ ക്യാപ്ഷനുകളിലൂടെ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് രമേഷ് പിഷാരടി നൽകാറുള്ളത്. ഇപ്പോഴിതാ, ഇളയ മകനൊപ്പമുള്ള ചിത്രത്തിന് രമേഷ് പിഷാരടി നൽകിയ അടിക്കുറിപ്പ് ശ്രദ്ധ നേടുകയാണ്.

‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ, മോനുമായി വരുന്നവൻ മോൻസ്റ്റർ’ എന്നാണ് മകനൊപ്പമുള്ള ചിത്രത്തിന് രമേഷ് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്നാൽ, പിഷാരടിയെ പിന്നിലാക്കുന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാര്യയുമായി വന്നാൽ ബാരിസ്റ്റർ ആകുമോ എന്നൊക്കെയാണ് കമന്റുകൾ. മൂന്നുമക്കളാണ് രമേഷ് പിഷാരടിക്ക്. ഏറ്റവും ഇളയ മകനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് രമേഷ് പിഷാരടി. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.

Story highlights- ramesh pishardy’s facebook post