മുടി കൊഴിച്ചിലിൽ നിന്നും രക്ഷനേടാൻ രവീണ ടണ്ഠന്റെ പരമ്പരാഗത ടിപ്‌സ്- വീഡിയോ

September 17, 2020

ഒരിക്കലെങ്കിലും മുടികൊഴിച്ചിലെന്ന പ്രതിസന്ധി നേരിടാത്ത ആരുമുണ്ടാകില്ല. ജീവിതശൈലിയും, അസുഖങ്ങളും, മാനസിക പ്രശ്നങ്ങളും, ആരോഗ്യവുമൊക്കെ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഇപ്പോഴിതാ, മുടികൊഴിച്ചിലിന്റെ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരു പരമ്പരാഗത മാർഗം പങ്കുവയ്ക്കുകയാണ് നടി രവീണ ടണ്ഠൻ. വീഡിയോയിലൂടെയാണ് രവീണ ഫലപ്രദമായ മാർഗം പങ്കുവയ്ക്കുന്നത്.

മുടികൊഴിച്ചിലിന്‌ ഏറ്റവും ഫലപ്രദമായ മാർഗം ദിവസേന നെല്ലിക്ക കഴിക്കുന്നതാണ്. അതോടൊപ്പം നെല്ലിക്ക കൊണ്ടുള്ള ഹെയർ മാസ്‌കും താരം പങ്കുവയ്ക്കുന്നു. ഇതിനായി ഒരു കപ്പ് പാലിലിട്ട് നെല്ലിക്ക ചൂടാക്കുക. നന്നായി വെന്തുവരുമ്പോൾ കുരു നീക്കി പൾപ്പും പാലും ചേർത്ത് കുഴച്ച് മുടി വേരുകളിൽ പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാം.

ഈ നെല്ലിക്ക ഹെയർ മാസ്ക്കിന്റെ ഏറ്റവും വലിയ പ്രത്യേകത,ഷാംപു ഉപയോഗിക്കേണ്ടതില്ല എന്നതാണ്. നെല്ലിക്ക തന്നെ തലയിലെ അഴുക്കുകൾ നീക്കം ചെയ്യും. മുടിക്ക് നല്ല മിനുസവും സമ്മാനിക്കും. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ മാറുമെന്നാണ് രവീണ പങ്കുവയ്ക്കുന്നത്. മുൻപും നിരവധി സൗന്ദര്യ സംരക്ഷണ മാര്ഗങ്ങള് രവീണ പങ്കുവെച്ചിരുന്നു. അതേസമയം, കെ ജി എഫ്‌ ചാപ്റ്റർ 2വിൽ അഭിനയിക്കുന്ന തിരക്കിലുമാണ് താരം.

Story highlights- raveena tandon’s special hair mask