ആഴക്കടലിലെ സുന്ദര നഗരം; സ്റ്റേജുകളും തൂണുകളും സ്തൂപങ്ങളും നിറച്ച് ഒരു പ്രദേശം

September 18, 2020

പ്രകൃതിയിലെ ചില പ്രതിഭാസങ്ങൾ പലപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ജപ്പാനിലെ പ്രശസ്തമായ യൊനാഗുനി ദ്വീപ് ഒരുക്കുന്നത്. നിറയെ സ്രാവുകൾ നിറഞ്ഞ ഈ തടാകത്തിന്റെ അകത്തായി ഒരു മനോഹരമായ നഗരമാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. സ്‌കൂബ പരിശീലകനായ കിഹാചിറോ അറാട്ടാക്കെ എന്ന വ്യക്തിയാണ് കടലിനടിയിലെ ഈ മനോഹര ദൃശ്യം കണ്ടെത്തിയത്.

സ്കൂബ പരിശീലനം നടത്തുന്നതിനായി കടലിനടിയിൽ സ്ഥലം തിരയുന്നതിനിടെയാണ് കിഹാചിറോ അറാട്ടാക്കെ ഈ മനോഹരമായ കാഴ്ചകൾ കണ്ടെത്തിയത്. അസാധാരണ വലിപ്പമുള്ള ചില സ്തൂപങ്ങളാണ് ഇവിടെ അദ്ദേഹം കണ്ടെത്തിയത്. പിരമിഡിനു സമാനമായ സ്തൂപങ്ങളും സ്റ്റേജുകളും തൂണുകളും പല ആകൃതികളിലുള്ള പാറകളുമെല്ലാം നിറഞ്ഞതായിരുന്നു ഈ പ്രദേശം. യൊനാഗുനി ദ്വീപിന്റെ തലവര തന്നെ മാറ്റിയ ഒരു കണ്ടെത്തലായിരുന്നു ഇത്. ഇതിന് ശേഷം ഈ പ്രദേശം യൊനാഗുനി മോനുമെന്റ്സ് എന്ന പേരിൽ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.

പിന്നീട് ഇവിടെ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി അറ്റ്ലാന്റിക്കിൽ നിന്നും മറഞ്ഞു പോയെന്നു കരുതുന്ന ഭാവനാ നഗരമായ അറ്റ്ലാന്റിസ് നഗരത്തോടാണ് ഗവേഷകർ ഇതിനെ താരതമ്യപ്പെടുത്തിയത്. ഇതോടെ ഈ പ്രദേശത്തെ ജാപ്പനീസ് അറ്റ്ലാന്റിസ് എന്നായി ഈ പ്രദേശത്തിന്റെ വിളിപ്പേരും. ആദ്യകാഴ്ചയിൽ ഒരു പർവതത്തിന്റെ മുകൾ ഭാഗത്തു പലതരം നിർമാണങ്ങൾ നടത്തിയതു പോലെയാണ് ഇത് തോന്നുക. ഇവിടെ കാണുന്ന സ്തൂപങ്ങൾ വ്യത്യസ്തമായ വലിപ്പത്തിൽ ഉള്ളതാണ്. ഇവിടെ കാണുന്ന ഏറ്റവും ഉയര്‍ന്ന സ്തൂപത്തിന് ഏകദേശം 500 അടി നീളവും 130 അടി വീതിയും 90 അടി ഉയരവുമുണ്ട്. മനുഷ്യ നിർമിതി പോലെ തോന്നുന്ന ഈ പ്രദേശം ഇന്നും വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്.

Story Highlights:underwater monument in japan