ഇനി ചന്തുവും ആർച്ചയും എച്ച് ഡി ക്ലാരിറ്റിയിൽ; വടക്കൻ വീരഗാഥയുടെ എച്ച് ഡി പതിപ്പെത്തി

September 10, 2020

മമ്മൂട്ടിയുടെ സിനിമാജീവിതത്തിൽ നിർണായക വഴിത്തിരിവായ ചിത്രമായിരുന്നു വടക്കൻ വീരഗാഥ. എം ടി യും ഹരിഹരനും മമ്മൂട്ടിയും ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് വലിയൊരു ക്ലാസ്സിക് ചിത്രമായിരുന്നു. ചന്തു ചതിയനായിരുന്നില്ലെന്ന് എം ടി കാണിച്ചുതന്നപ്പോൾ മമ്മൂട്ടിയെ തേടിയെത്തിയത് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ്. ഇപ്പോൾ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് യൂട്യൂബിൽ എത്തിയിരിക്കുകയാണ്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമിച്ച ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എസ് ക്യൂബ് ഫിലിംസാണ്. ഗൃഹലക്ഷ്മി ഫിലിംസിന്റെ സഹോദര സ്ഥാപനമാണ് എസ് ക്യൂബ് ഫിലിംസ്. പി വി ഗംഗാധരന്റെ പെൺമക്കളാണ് എസ് ക്യൂബ് ഫിലിംസിന്റെ സാരഥികൾ.

ഇതുവരെയും വടക്കൻ വീരഗാഥയുടെ എച്ച് ഡി പതിപ്പ് യൂട്യൂബിൽ ലഭ്യമായിരുന്നില്ല. ഗൃഹാലക്ഷ്‍മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളുടെ എച്ച് ഡി പതിപ്പും എസ് ക്യൂബ് ഫിലിംസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Story highlights- vadakkan veeragadha full h d