ഇന്ന് ലോക അൽഷിമേഴ്സ് ദിനം; ലോകത്തിലെ അഞ്ച് കോടി ജനതയെ പിടികൂടി മറവിരോഗം
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്ഥിരമായി ചില കാര്യങ്ങൾ നാം മറക്കാറുണ്ട്. എന്നാൽ ഇതിനെ പലരും വേണ്ടത്ര സീരിയസായി കാണാറില്ല. മറവിരോഗം അത്ര ചെറിയ കാര്യമല്ല. അതേസമയം ലോകത്തിലെ അഞ്ച് കോടി ജനതയെ മറവിരോഗം പിടികൂടിക്കഴിഞ്ഞു. കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരികയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തിൽ ഇപ്പോൾ രണ്ടുലക്ഷത്തോളം മറവി രോഗികളാണ് ഉള്ളത്.
പ്രായമായവരിലാണ് കൂടുതലായും ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. എന്നാൽ കേരളത്തിൽ വിവിധ പ്രായങ്ങളിലുള്ളവരിൽ രോഗബാധിതർ വർഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ തലച്ചോറിനെ ബാധിച്ച് ഓർമ്മയും സംസാര ശേഷിയും നഷ്ടമാകുന്ന അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. ഇന്ത്യയിൽ ഏകദേശം 53 ലക്ഷത്തോളം മറവിരോഗികളാണ് ഉള്ളത്. അതിനാൽ ഈ രോഗാവസ്ഥയെ അത്ര നിസാരമായി കാണരുത്.
ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ ഇതിനെ ഒരു പരിധി വരെ തടയാനാകും. മറവിരോഗത്തെ ഇല്ലാതാക്കാൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പോഷക ഗുണങ്ങളുള്ള ആഹാരങ്ങൾ ശീലമാക്കുന്നത് വഴി ഒരു പരിധി വരെ ഇതിനെ തടയാൻ സാധിക്കും. അതുപോലെ പുകവലി ശീലമുള്ളവരാണെങ്കിൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, തൈറോയിഡ് എന്നിവ കൃത്യമായി പരിശോധിച്ച് ഇവയില്ലെന്ന് ഉറപ്പുവരുത്തണം.
ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. കൂടുതൽ ശ്രദ്ധ ആവശ്യമായ ചെസ്, സുഡോകു, പദപ്രശ്നം, അന്താക്ഷരി തുടങ്ങിയ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കണം. എല്ലാ സമയങ്ങളിലും മാനസീകമായി ഉണർന്നിരിക്കാൻ ശ്രദ്ധിക്കണം. പഴയ ചിത്രങ്ങൾ ആൽബങ്ങൾ എന്നിവ എടുത്തുവെച്ച് ആളുകളുടെ പേരുകൾ, സ്ഥലങ്ങൾ എന്നിവ ഓർത്തെടുത്ത് പറയാൻ ശ്രദ്ധിക്കണം. അതുപോലെ എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നത് ഓഴിവാക്കുക പകരം കാര്യങ്ങൾ സ്വന്തമായി ഓർത്തെടുക്കാൻ ശ്രമിക്കുക.
ദിവസവും ആറ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങണം. കൃത്യമായി ഉറങ്ങുന്നത് തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും. നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
Story Highlights: world alzheimers day