ദൃശ്യം 2 വിൽ മുരളി ഗോപിയും; കേസ് കുത്തിപ്പൊക്കാൻ വന്ന പൊലീസുകാരൻ അല്ലേയെന്ന് ആരാധകർ

October 2, 2020

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ദൃശ്യം 2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടിയുളള താരങ്ങളുടെ തയാറെടുപ്പുകളും ചലച്ചിത്ര ആസ്വാദകർക്കിടയിൽ ചർച്ചയായിരുന്നു.

പിപി ഇ കിറ്റ് ധരിച്ച് യാത്രയ്ക്ക് ഒരുങ്ങുന്ന മീനയുടെയും ആശ ശരത്തിന്റേയുമൊക്കെ ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള മുരളി ഗോപിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ ലോകത്ത് സജീവമാകുന്നത്. ചിത്രത്തിന് വേണ്ടി മേക്കപ്പ് ഇടുന്ന മുരളി ഗോപിയുടെ ചിത്രം താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതേസമയം താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ദൃശ്യം ഒന്നിൽ മുരളി ഗോപി ഇല്ലാത്തതിനാൽ താരത്തിന്റെ കഥാപാത്രത്തെകുറിച്ചറിയാൻ ഏറെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. പഴയ കേസ് കുത്തിപ്പൊക്കാൻ വന്ന പൊലീസ് ഓഫീസർ ആയിരിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം നടത്തുന്നത്. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read also: സാഹസികത നിറഞ്ഞ മഡ് റേസിങ് പ്രമേയവുമായി ‘മഡ്ഡി’ ഒരുങ്ങുന്നു

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഒന്നിച്ച ടീമാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. അടുത്തിടെ മീനയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ മീനയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് മീന വേഷമിടുന്നത്.

https://www.facebook.com/murali.gopy/posts/2784883735089084

അതേസമയം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദൃശ്യം 2-ന്റെ ചില ഭാഗങ്ങള്‍ മാറ്റിയെഴുതിയതായി സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ‘ദൃശ്യം 2 എഴുതിക്കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ക്ക് അത് വായിക്കാന്‍ കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് ചില തിരുത്തലുകളും വരുത്തി. അതിനുശേഷം ആ സ്‌ക്രിപ്റ്റ് മാറ്റിവെച്ചു. ഒരാഴ്ച ഇതില്‍ നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രെഷ് മൈന്‍ഡോടുകൂടി സ്‌ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്‍ സ്ക്രിപ്റ്റിലെ ചില കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ‘ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Story Highlights: drishyam 2 Murali Gopi post