ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ‘പാട്ട്’- ചിത്രീകരണം ഉടനാരംഭിക്കുമെന്ന് സംവിധായകൻ

ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രം ആരംഭിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. യുജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് നിർമാണം. അൽഫോൺസ് പുത്രൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നതും. അതേസമയം ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

2008 ൽ വിജയ് സേതുപതിയെ നായകനാക്കി നേരം എന്ന ഹ്രസ്വചിത്രമൊരുക്കിയാണ് അൽഫോൺസ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നസ്രിയ നസീമും നിവിൻ പോളിയും വേഷമിട്ട ഒരു മ്യൂസിക് വീഡിയോ 2012 ൽ വൻ വിജയമായിരുന്നു. 2013ൽ നസ്രിയയും നിവിനും താരങ്ങളായി നേരം എന്ന സിനിമയൊരുക്കി. 2015 ൽ ഒരുക്കിയ പ്രേമം വൻ വിജയമായിത്തീർന്നതോടെ അൽഫോൺസ് പുത്രൻ ശ്രദ്ധ നേടുകയായിരുന്നു.

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം ടീമും അൽഫോൻസ് പുത്രനും ചേർന്നൊരുക്കിയ തൊബാമ എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. മുഹ്‌സിൻ കാസിമായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ തൊബാമയിലും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായിരുന്നു അൽഫോൺസ് പുത്രൻ.

അതേസമയം സി യു സൂണ്‍ ആണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Story highlights- fahad fazil- alphonse puthren movie