സൗന്ദര്യയുടെ മരണത്തോടെ ഉപേക്ഷിച്ച ‘നർത്തനശാല’ 16വർഷങ്ങൾക്ക് ശേഷം ഒടിടി റിലീസിന് ഒരുങ്ങുന്നു
നന്ദമുരി ബാലകൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത നർത്തനശാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് നായികയായ സൗന്ദര്യ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞത്. ഹൈദരാബാദിൽവെച്ച് മുൻനിര താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ സ്വപ്നപദ്ധതിക്ക് നന്ദമുരി ബാലകൃഷ്ണ തുടക്കമിടുകയും ഏതാനും രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സൗന്ദര്യയുടെ മരണശേഷം മറ്റൊരു നായികയെ വെച്ച് ചിത്രം പൂർത്തിയാക്കാൻ ശ്രമിക്കാതെ നർത്തനശാല അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോഴിതാ, നർത്തനശാലയുടെ 17 മിനിറ്റ് വീഡിയോ ഓടിടി റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ് നന്ദമുരി ബാലകൃഷ്ണ. ദസറ ദിനമായ ഒക്ടോബർ 24ന് ഓൺലൈൻ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് നന്ദമുരി ബാലകൃഷ്ണ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഈ ഓൺലൈൻ റിലീസിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിൽ സൗന്ദര്യ ദ്രൗപതിയുടെ വേഷത്തിൽ അഭിനയിച്ചപ്പോൾ അർജുനൻ അടക്കമുള്ള മൂന്ന് വേഷങ്ങളിൽ ബാലകൃഷ്ണൻ അഭിനയിച്ചു. അന്തരിച്ച നടന്മാരായ ശ്രീഹരി, ഉദയ് കിരൺ എന്നിവരാണ് ഭീമൻ, അഭിമന്യു എന്നിവരുടെ വേഷങ്ങൾ അവതരിപ്പിച്ചത്. ശരത് കുമാറും അസിനും ചിത്രത്തിൽ അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തര എന്ന കഥാപാത്രമായാണ് അസിൻ ചിത്രത്തിൽ വേഷമിടാനിരുന്നത്.
ദ്രൗപതിയായി സൗന്ദര്യക്ക് പകരം മറ്റാരെയും കാണാൻ സാധിക്കില്ല എന്നതിനാലാണ് സിനിമ ഉപേക്ഷിച്ചതെന്നാണ് നന്ദമുരി വ്യക്തമാക്കിയത്. തെന്നിന്ത്യയിലെ താരറാണിയായിരുന്നു സൗന്ദര്യ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായുണ്ടായ വിമാനാപകടത്തിൽ സൗന്ദര്യ വിടപറഞ്ഞത്.
Read More: ഷേക്സ്പിയർ നാടകം സിനിമയാകുന്നു; രൺവീർ സിംഗ് ഇരട്ടവേഷത്തിലെത്തുന്ന ‘സർക്കസ്’
ഇലക്ഷൻ പ്രചാരണത്തിനായി സഞ്ചരിച്ച വിമാനം തകർന്നാണ് സൗന്ദര്യ മരണമടഞ്ഞത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ അമർനാഥും മരണപ്പെട്ടിരുന്നു. 1992ലാണ് സൗന്ദര്യ സിനിമയിലേക്ക് എത്തുന്നത്. കന്നഡ ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാഥന്റെയും മഞ്ജുള സത്യനാഥന്റെയും മകളാണ് സൗന്ദര്യ. 2004ൽ ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലാണ് നടി അവസാനമായി അഭിനയിച്ചത്.
Story highlights- footage shot for ‘Narthanasala’ will be releasing on an OTT platform