ഇന്ത്യൻ ചായയുടെ രുചിയിലൂടെ വനിതാ സംരംഭകയായി കീർത്തി സുരേഷ്; ‘മിസ് ഇന്ത്യ’ ട്രെയ്‌ലർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

കീർത്തി സുരേഷ് നായികയാകുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്.
നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ്‌ ഒരുക്കുന്ന ചിത്രം നവംബർ 4 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കും. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത മനസ എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.

വിദേശത്തെത്തി ജീവിതത്തിൽ ചില പുതുമകൾ നടത്തുകയാണ് സംയുക്ത. വിദേശികൾക്ക് മുന്നിൽ ഇന്ത്യൻ ചായയുടെ രുചി പരിചയപ്പെടുത്തുന്ന വനിതാ സംരംഭകയായാണ് കീർത്തി എത്തുന്നത്. ഈ വിജയത്തിലേക്ക് എത്തുന്നതിനിടയിൽ അവൾ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പങ്കുവയ്ക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.

2020ൽ കീർത്തിയുടേതായി നിരവധി ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് റിലീസ് ചെയ്യാൻ ഉള്ളത്. തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി.

Read More: ‘സിഎസ്കെ ആരാധകർ ഞങ്ങളുടെ ടീമിനെ ഉപേക്ഷിക്കില്ല’- ചെന്നൈയ്ക്ക് പിന്തുണയുമായി വരലക്ഷ്മി ശരത്കുമാർ

തമിഴ് ത്രില്ലറായ ‘പെൻഗ്വിൻ’ എന്ന സിനിമയിലാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി.

Story highlights- miss india trailer